ന്യൂഡല്‍ഹി: വ്യവസായ ഉത്പാദനം കൂടി, വിലക്കയറ്റം താണു. നല്ല മഴ കിട്ടുമെന്നു കാലാവസ്ഥാ വകുപ്പ്, ഇന്ത്യ ചൈനയേക്കാള്‍ ഒരു ശതമാനം അധികം വളരും എന്ന് ഐഎംഎഫ്.രാജ്യത്തിനു സന്തോഷകരമായ വാര്‍ത്തകളുടെ ദിനമായിരുന്നു ഇന്നലെ.വ്യവസായ ഉത്പാദന സൂചിക (ഐഐപി) തുടര്‍ച്ചയായ മൂന്നു മാസം ചുരുങ്ങുകയായിരുന്നു. അതു മാറി ഫെബ്രുവരിയില്‍ വളര്‍ച്ച കുറിച്ചു. രണ്ടു ശതമാനമാണ് വളര്‍ച്ച. മിക്ക നിരീക്ഷകരും കരുതിയതിലും മെച്ചമായി.
ഖനി, ഊര്‍ജം, ഉപഭോക്തൃ സാമഗ്രികള്‍ എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് വളര്‍ച്ചയ്ക്ക് ആധാരം. നവംബറില്‍ 3.4 ശതമാനം, ഡിസംബറില്‍ 1.2 ശതമാനം, ജനുവരിയില്‍ 1.5 ശതമാനം എന്നിങ്ങനെ താഴോട്ടു പോയതാണ് ഇപ്പോള്‍ കയറിയത്. തലേ ഫെബ്രുവരിയില്‍ 4.8 ശതമാനം ഉണ്ടായിരുന്നു വളര്‍ച്ച.ഇതോടെ ഏപ്രില്‍-ഫെബ്രുവരി കാലത്തെ വളര്‍ച്ച 2.6 ശതമാനമാണ്. തലേവര്‍ഷം ഇതേ കാലത്ത് 2.8 ശതമാനം വളര്‍ന്നതാണ്.
ചില്ലറവിലകള്‍ ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം മാര്‍ച്ചില്‍ ആറു മാസത്തെ ഏറ്റവും താണ നിലയായ 4.83 ശതമാനമായി. ഫെബ്രുവരിയിലെ വര്‍ധന നേരത്തേ പറഞ്ഞ 5.18 ശതമാനത്തില്‍നിന്ന് 5.26 ശതമാനത്തിലേക്കു കൂടി.ഭക്ഷ്യവിലകള്‍ 5.21 ശതമാനമേ വര്‍ധിച്ചുള്ളൂ. പച്ചക്കറിവിലയില്‍ 0.54 ശതമാനം കയറ്റമേ ഉണ്ടായുള്ളൂ. പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റം 34 ശതമാനത്തിലേക്കു താണു. മുട്ടവില കുതിച്ചു.
കാലാവസ്ഥാവകുപ്പ് ഇന്നലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദീര്‍ഘകാല ശരാശരിയേക്കാള്‍ ആറു ശതമാനം കൂടുതലാകും എന്നു പ്രവചിച്ചു. ശരാശരിയോ അതില്‍ കൂടുതലോ മഴയ്ക്കുള്ള സാധ്യത 94 ശതമാനമാണ്. നല്ല മഴ കാര്‍ഷികോത്പാദനം കൂട്ടും, ഭക്ഷ്യവില കുറയ്ക്കും, ഗ്രാമങ്ങളില്‍ വ്യാപാരം കൂട്ടും.ആഗോള സാമ്പത്തികവളര്‍ച്ച ഇക്കൊല്ലം നേരത്തേ കരുതിയതിലും കുറവാകുമെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) പ്രവചിച്ചു. നേരത്തേ കരുതിയതു 3.4 ശതമാനം, ഇപ്പോഴത്തെ പ്രവചനം 3.2 ശതമാനം. കഴിഞ്ഞവര്‍ഷം 3.1 ശതമാനമായിരുന്നു വളര്‍ച്ച.
അതേസമയം, ഇന്ത്യ 7.5 ശതമാനം വളരുമെന്ന് ഐഎംഎഫ് പറഞ്ഞു. ചൈനയുടെ വളര്‍ച്ച ഇക്കൊല്ലം 6.5-ഉം അടുത്ത വര്‍ഷം 6.2-ഉം ശതമാനമായി കുറയും. 2015-ല്‍ ഇന്ത്യ 7.3-ഉം ചൈന 6.9-ഉം ശതമാനമാണു വളര്‍ന്നത്. 2017-ലും ഇന്ത്യ 7.5 ശതമാനം വളരും.