സിയാല്‍ യാത്രക്കാരുടെ എണ്ണം 77 ലക്ഷം

bis-ciyalനെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (സിയാല്‍) 2015-2016 സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാര്‍ 77 ലക്ഷം കവിഞ്ഞു. വര്‍ധന 20.89 ശതമാനമാണ്. 2014-2015 സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാര്‍ 64,27,972 ആയിരുന്നു. 2015-2016ല്‍ 77,70,785 ആണ്. ഫ്‌ളൈറ്റുകളുടെ എണ്ണം 57,762 ആയി. വര്‍ധന 10 ശതമാനം. ആഭ്യന്തര യാത്രക്കാര്‍ 26.82 ലക്ഷത്തില്‍നിന്ന് 31.29 ലക്ഷമായി. അന്താരാഷ്ട്ര യാത്രക്കാര്‍ 37.45 ലക്ഷത്തില്‍നിന്ന് 46.41 ലക്ഷമായി. ആഭ്യന്തര യാത്രക്കാര്‍ 16.66 ശതമാനവും അന്താരാഷ്ട്ര യാത്രക്കാര്‍ 23.92 ശതമാനവും വര്‍ധിച്ചു. ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനം സിയാലിനാണ്.

സിയാലില്‍ വിമാന സര്‍വീസ് ആരംഭിച്ച 1999-2000 വര്‍ഷത്തില്‍ യാത്രക്കാര്‍ അഞ്ചുലക്ഷമായിരുന്നു. 15 വര്‍ഷം പിന്നിട്ടപ്പോള്‍ യാത്രക്കാര്‍ 15 ഇരട്ടിയിലേറെയായി. 2003-2004 മുതല്‍ തുടര്‍ച്ചയായി ലാഭവിഹിതം നല്കിവരുന്നു. 2014-2015 സാമ്പത്തികവര്‍ഷം വരെ ലഭിച്ച ലാഭവിഹിതം ഓഹരി മൂലധനത്തിന്റെ 153 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 413.96 കോടി രൂപയും ലാഭം 144.57 കോടി രൂപയുമായിരുന്നു. 2015-2016ല്‍ വരുമാനത്തിലും ലാഭത്തിലും യാത്രക്കാരുടെ വര്‍ധനയ്ക്ക് ആനുപാതികമായ വര്‍ധന പ്രതീക്ഷിക്കുന്നു.

നിലവില്‍ 24 വിമാനക്കമ്പനികള്‍ ഇവിടെനിന്നു സര്‍വീസ് നടത്തുന്നുണ്ട്. ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഫ്‌ളൈറ്റുകളും യാത്രക്കാരും പതിന്‍മടങ്ങാകും.

Related posts