സമൂഹമാധ്യമത്തിലൂടെ പ്രണയിച്ച് കാമുകനൊപ്പം 15-ാം വയസ്സില്‍ ഒളിച്ചോടി ! പിന്നീട് പല തവണ വില്‍ക്കപ്പെട്ടു; ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ കോളജിലേക്ക്…

സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.

ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.

അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള്‍ കോളജില്‍ ചേരാനൊരുങ്ങുകയാണ്.

ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്.

2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്‌കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം.

ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി.

അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി.

ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന. രാഹുലിന്റെ സുഹൃത്താണെന്നറിയിച്ച് ബസില്‍ കയറിയ ഒരാള്‍ അവളെ പിന്നീട് ഹൗറ റെയില്‍വേ സ്റ്റഷനിലെത്തിച്ച് ട്രെയിനില്‍ ബിഹാറിലേക്കു കൊണ്ടുപോയി.

അവിടെവച്ച് അവള്‍ വീണ്ടും കമല്‍ എന്നയാള്‍ക്ക് വില്‍ക്കപ്പെട്ടു. അയാള്‍ അവളെ ഉത്തര്‍പ്രദേശിലെ ബിജ്നോറിലുള്ള ചിത്ര എന്ന സ്ത്രീയുടെ അടുത്തെത്തിച്ചു.

അവര്‍ അവളെ 45 വയസുള്ള സഹോദരനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ ഉപേക്ഷിച്ചു.

തുടര്‍ന്നു ചിത്രയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചിത്രയുടെ മൊബൈലില്‍ അമ്മയെ വിളിക്കാന്‍ ഇരയ്ക്ക് അവസരം കിട്ടിയതോടെയാണു രക്ഷാമാര്‍ഗം തെളിഞ്ഞത്.

ആദ്യം കാമുകന്‍ രാഹുലാണ് അറസ്റ്റിലായത്. ഇതറിഞ്ഞ് ഭയന്ന ചിത്ര, പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുപോകാന്‍ കമലിനോടാവശ്യപ്പെട്ടു. വൈകാതെ ചിത്രയും മകനും അറസ്റ്റിലായി.

ഇതറിഞ്ഞ മാഫിയാസംഘം പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തശേഷം കാശിപുര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

അവിടെനിന്ന് സി.ഐ.ഡി. അന്വേഷണസംഘം രക്ഷപ്പെടുത്തുകയായിരുന്നു. 2015 മേയില്‍ തിരിച്ചെത്തിയതു മുതല്‍ സര്‍ക്കാര്‍ വസതിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

അവിടെവച്ചാണു തുടര്‍പഠനത്തിനുള്ള തീരുമാനമുണ്ടായത്.കമല്‍, ചിത്രയുടെ സഹോദരന്‍ ലുവ്, ഭിഷം എന്നിവരെയാണ് പോക്സോ കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്.

ചിത്രയെയും രാഹുലിനെയും 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ബസില്‍നിന്ന് കുട്ടിയെ കമലിന്റെ അടുത്തെത്തിച്ചയാളെ കണ്ടെത്താനായില്ല.

Related posts

Leave a Comment