കോട്ടയം: മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ജ്യോതിയുടെ മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൂന്നാമത്തെ കുട്ടി മരിച്ചത്. വിവാഹത്തിന് ശേഷം കുട്ടികള്‍ ഉണ്ടാകാതിരുന്ന ജേക്കബ്-ജ്യോതി ദമ്പതികള്‍ 16 വര്‍ഷം ചികിത്സ നടത്തിയ ശേഷമാണ് യുവതിക്ക് ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികള്‍ പിറന്നത്.
കഴിഞ്ഞ 13ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഒരു കുട്ടി മരിച്ചിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് 23ന് ജ്യോതിയും മരിച്ചു. മെഡിക്കല്‍ കോളജിലെ ഇന്‍ക്യുബേറ്ററില്‍ പരിചരണത്തിലായിരുന്ന മൂന്നാമത്തെ കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പ്രസവ ശസ്ത്രക്രിയയിലെ പിഴവാണ് ജ്യോതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഉള്‍പ്പെടെ ഉന്നത അധികാരികള്‍ക്കു പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം എങ്ങും എത്തിയിട്ടില്ല.