വാഹനപ്രേമികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയ ഫിയറ്റ് അബാത്തിന്റെ പിറവിക്കു പിന്നാലെ മറ്റൊരു വിസ്മയവുമായി ഫിയറ്റ് വീണ്ടും എത്തുകയാണ്. ആദ്യവരവില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ സാധിക്കാതിരുന്ന ഫിയറ്റിന്റെ സ്വന്തം കോംപാക്ട് എസ്യുവി അവഞ്ച്യൂറയാണ് പുതിയ രൂപത്തില്‍ അര്‍ബന്‍ ക്രോസ് ആയി എത്തിയിരിക്കുന്നത്. ഈ പരിണാമത്തിന് ഒരു പ്രത്യേകതയുണ്ട്. കേട്ടുപഠിച്ച പരിണാമത്തില്‍ പുരോഗതിയാണ് സംഭവിക്കുന്നതെങ്കില്‍ ഇവിടെ നേരേ തിരിച്ചാണു സംഭവിച്ചത്. അവഞ്ച്യൂറ എന്ന കോംപാക്ട് എസ്യുവി മുഖം മിനുക്കിയെത്തിയപ്പോള്‍ ഹാച്ച്ബാക്ക് ആയി.
ഇന്റീരിയര്‍: ഡോര്‍ പാഡ്, ഡാഷ് ബോര്‍ഡ്, സീറ്റ് എന്നിവയില്‍ ചുവപ്പു നിറത്തിലുള്ള ലെതര്‍ മെറ്റീരിയലിന്റെ ഉപയോഗമാണ് അര്‍ബന്‍ ക്രോസിന്റെ പ്രധാന ആകര്‍ഷണം. ഡാഷ്‌ബോര്‍ഡില്‍ ലെതര്‍ ഫിനീഷിംഗുള്ള ഭാഗത്തായതുകൊണ്ടാവാം സെന്റര്‍ കണ്‍സോളിനും ഭംഗിയുണ്ട്. തിളക്കമാര്‍ന്ന എസി വെന്റുകളും അഞ്ച് ഇഞ്ച് നാവിഗേഷന്‍ സ്ക്രീന്‍ സിസ്റ്റവും കണ്‍സോളില്‍ നല്കിയിരിക്കുന്നു. ഇവയ്ക്കു താഴെയാണ് എസി കണ്‍ട്രോളിംഗ് യൂണിറ്റിന്റെ സ്ഥാനം. ടോപ് എന്‍ഡ് മോഡലില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സൗകര്യവും മറ്റ് മോഡലുകളില്‍ മാന്വല്‍ സിസ്റ്റവുമാണ് വരുന്നത്. ഇവയെല്ലാം കോര്‍ത്തിണക്കി അച്ചടക്കത്തോടെയുള്ള രൂപകല്പനയാണ് ഡാഷ്‌ബോര്‍ഡില്‍ നല്കിയിരിക്കുന്നത്.
എഡ്ജുകളില്‍ സില്‍വര്‍ ഫിനീഷിംഗ് നല്കിയിരിക്കുന്ന ത്രീ സ്‌പോക് സ്റ്റീയറിംഗ് വീലാണ് അര്‍ബന്‍ ക്രോസില്‍ വരുന്നത്. കൂടാതെ സ്റ്റീരിയോ, ഫോണ്‍ കണ്‍ട്രോളിംഗ് സ്വിച്ചുകളും സ്റ്റീയറിംഗില്‍ നല്കിയിരിക്കുന്നു. ഫിയറ്റിന്റെ മറ്റു മോഡലുകളിലേതിനു സമാനമായി നാല് അനലോഗ് മീറ്ററും ഒരു ഡിജിറ്റല്‍ മീറ്ററുമാണ് മീറ്റര്‍ കണ്‍സോളില്‍ നല്കിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന്റെ സൈഡിലെ എസി വെന്റുകളില്‍ ഓറഞ്ച് നിറത്തില്‍ റിംഗ് നല്കിയിരിക്കുന്നത് ഡാഷ്‌ബോര്‍ഡിന്റെ അഴകിനു മാറ്റു കൂട്ടുന്നു. ഡാഷ്‌ബോര്‍ഡിലെ ലെതര്‍ തന്നെയാണ് സീറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്.
എക്സ്റ്റീരിയര്‍: അര്‍ബന്‍ ക്രോസ് കൂടുതല്‍ ആകര്‍ഷിക്കുക യുവാക്കളെയായിരിക്കും. കാരണം, യുവത്വം തുളുമ്പുന്ന രൂപകല്പനയാണ് എക്സ്റ്റീരിയറിലുള്ളത്. ഇലയില്‍നിന്നു വീഴുന്ന മഞ്ഞുതുള്ളിയുടെ രൂപമെന്നു പറയാം. അടുത്ത കാലത്ത് ഫിയറ്റ് പുറത്തിറക്കിയ മിക്ക മോഡലുകളും തമ്മില്‍ പ്രകടമായ സാമ്യമുണ്ട്. പുന്തോ ഇവോയുടേതിനു സമാനമായ ഹെഡ്‌ലാമ്പും ഫോഗ് ലാമ്പുമാണ് ഇതിനും നല്കിയിരിക്കുന്നത്. എന്നാല്‍, ഹെഡ്‌ലാമ്പില്‍ എല്‍ഇഡി ലൈറ്റുകള്‍ അധികമായി നല്കിയിരിക്കുന്നു എന്നതാണു പുതുമ.
ഹെക്‌സഗണ്‍ ഷേപ്പില്‍ ഡയമണ്ട് കട്ട് ഡിസൈനിംഗിലാണ് ഗ്രില്ലിന്റെ രൂപകല്പന. ഗ്രില്ലില്‍ നല്കിയിരിക്കുന്ന മെറ്റാലിക് ഗാര്‍ണിഷ് വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്കുന്നുണ്ട്. ബോഡിയിലൂടെ കടന്നുപോകുന്ന സില്‍വര്‍ ഗാര്‍ണിഷാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. ഇത് ചുറ്റിലും നല്കിയിരിക്കുന്നതിനാല്‍ റിച്ച് ലുക്കാണ് വാഹനത്തിന്. റിയര്‍ വിന്‍ഡ് സ്ക്രീനിനോടു ചേര്‍ന്നിരിക്കുന്ന ടെയില്‍ ലാമ്പും ബ്രേക്ക്‌ലൈറ്റ് ഘടിപ്പിച്ച സ്‌പോയിലറും റിയര്‍ ഡോറിന്റെ മധ്യത്തില്‍ നല്കിയിരിക്കുന്ന ലോഗോയും റിയര്‍ ബംപറിന്റെ വശങ്ങളിലായി നല്കിയിരിക്കുന്ന റിഫ്‌ളക്ഷന്‍ ലൈറ്റും ചേര്‍ന്നതാണ് പിന്‍ഭാഗത്തിന്റെ രൂപഘടന.
ബേസ് മോഡല്‍ മുതലുള്ളവയ്ക്ക് അലോയി വീലുകള്‍ വരുന്നുണ്ട്. 3989 എംഎം നീളവും 1706 എംഎം വീതിയും 1542 എംഎം ഉയരവുമുള്ള അര്‍ബന്‍ ക്രോസിന് 156 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്കിയിട്ടുണ്ട്. സുരക്ഷ: ഡുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ്, വാണിംഗ് സിഗ്‌നല്‍ എന്നീ സംവിധാനങ്ങളൊരുക്കി അവഞ്ച്യൂറ യാത്രക്കാര്‍ക്ക് സുരക്ഷ നല്കുന്നു. എന്‍ജിന്‍: 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും പുറത്തിറങ്ങുന്നു. ടോപ് എന്‍ഡ് മോഡലാണ് പെട്രോള്‍ എന്‍ജിനില്‍ വരുന്നത്. ഇത് 1368 സിസി കരുത്തില്‍ 210 എന്‍എം ടോര്‍ക്ക് 142 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എന്‍ജിന്‍ 1248 സിസിയില്‍ 209 എന്‍എം ടോര്‍ക്ക് 93 പിഎസ് കരുത്താണ് പുറന്തള്ളുന്നത്.
മൈലേജ്: ഡീസല്‍ മോഡലുകള്‍ക്ക് 20 കിലോമീറ്ററും പെട്രോള്‍ മോഡലിന് 17.1 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
വില: 7.99 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെ (കൊച്ചിയിലെ ഓണ്‍റോഡ് വില).
ടെസ്റ്റ് െ്രെഡവ്: പിനാക്കിള്‍ ഫിയറ്റ്, ഫോണ്‍: 8111995007
അജിത് ടോം