പാലക്കാട്: പീഡനക്കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാൻ പാലക്കാട്ടെത്തി. വൈകുന്നേരം 4.50 ഓടെയാണ് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലാണ് വോട്ട്.
വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ സമയം പുറത്ത് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്.
രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
