കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം ചരിത്ര വിലയിലേക്ക്. ഇന്ന് ഗ്രാമിന് 495 രൂപയും പവന് 3960 രൂപയമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 14,640 രൂപയും പവന് 1,17,120 രൂപയുമായി. ഒറ്റ ദിവസം കൂടുന്ന ഏറ്റവും വലിയ വിലയാണ് ഇന്ന് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5000 ഡോളറിനോട് അടുത്തു. ഇതോടെ സ്വര്‍ണവില പുതിയ റിക്കാര്‍ഡിലേക്ക് എത്തുകയായിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,950 ന് മുകളില്‍ ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണം റിക്കാര്‍ഡ് നേട്ടം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 405 രൂപ വര്‍ധിച്ച് 12,030 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 315 രൂപ വര്‍ധിച്ച് 9,365 രൂപയുമായി.
9 കാരറ്റ് സ്വര്‍ണത്തിന് 205 രൂപ വര്‍ധിച്ച് 6,040 രൂപയാണ് വിപണി വില. തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ വെള്ളിയാഴ്ചയും സ്വര്‍ണം റിക്കാര്‍ഡ് നേട്ടം കൈവരിച്ചു.
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചുമത്തും എന്ന് പറഞ്ഞ അമിത നികുതിയില്‍ നിന്ന് പിന്തിരിയാന് തയ്യാറായി എങ്കിലും പിന്നീടുണ്ടായ പ്രസ്താവനകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവിന് കാരണമായെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
വെള്ളി വിലയിലും വന്‍ മുന്നേറ്റമാണുണ്ടായത്. ഒരു ഗ്രാം വെള്ളിക്ക് 340 രൂപയും 10 ഗ്രാമിന് 3,400 രൂപയുമായി. അന്താരാഷ്ട്ര വെള്ളി വില 99 ഡോളറിനോട് അടുത്തു. 100 ഡോളര്‍ കടന്നു മുന്നോട്ടുനീങ്ങുമെന്നാണ് വിപണി നല്കുന്ന സൂചന.
സീമ മോഹന്‍ലാല്‍
