കഴക്കൂട്ടം: പരാതി നൽകാനെത്തിയ യുവതിയുടെ മൊബൈൽ നമ്പർ ശേഖരിച്ചു രാത്രിയിൽ സന്ദേശമയച്ചു ശല്യപ്പെടുത്തിയ പോലീസുകാരനെതിരേ പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സന്തോഷിനെതിരേയാണു യുവതി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണു ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് കേസ് സംബന്ധമായ ആവശ്യത്തിനെന്ന വ്യാജേന യുവതിയുടെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു.
തുടർന്ന് അർധരാത്രികളിൽ തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയായിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് ആരോപണവിധേയനായ സന്തോഷ്.
കാറിലിരുന്നു മദ്യപിച്ചതിനു കഴക്കൂട്ടം സ്റ്റേഷനിലെ ആറുദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തൊട്ടടുത്ത സ്റ്റേഷനായ തുമ്പയിലാണ് ഇപ്പോൾ ഈ സംഭവം.
പോലീസിനെതിരെയുള്ള യുവതിയുടെ ആരോപണവും പരാതിയും ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്നും കഴക്കൂട്ടം എസിപി ചന്ദ്രദാസ് പറഞ്ഞു.
