കാലടി: മഞ്ഞപ്ര കെഎസ്ഇബിയുടെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷ ബോധവത്കരണ ചിത്ര മതിൽ നിർമിച്ചു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ചിത്രമതിൽ തീർത്തിട്ടുള്ളത്.
വൈദ്യുതി അപകങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ കെഎസ്ഇബി നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത സാഹചര്യത്തിലാണ് മഞ്ഞപ്ര കെഎസ്ഇബി വേറിട്ട പ്രവർത്തനം നടത്തിയത്.
വീടുകളിലെ വൈദ്യുതി ഷോക്ക് ഒഴിവാക്കുന്നതിനുള്ള ആർസിസിബി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഇരുമ്പ് തോട്ടി ഉപയോഗിച്ച് കാർഷിക വിളകൾ പറിക്കുമ്പോൾ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ, വൈദ്യുതി ലൈനിന് താഴെ നിർമാർണ പ്രവർത്തനങ്ങൾ നടത്തുന്ന സാഹചര്യത്തിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ചിത്രമതിൽ.
മെയിൻ റോഡിനോട് ചേർന്നുള്ള 20 മീറ്റർ നീളത്തിലുള്ള മതിലിൽ തീർത്തിട്ടുള്ള ചിത്രങ്ങൾ പകലും രാത്രിയും യാത്ര ചെയ്യുന്നവർക്ക് വീക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ്. ആലപ്പുഴ സ്വദേശിയായ ചിത്രകാരൻ നടേശനാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്.
കേരളത്തിൽ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടുന്ന സാഹചര്യത്തിൽ ബോധവത്കരണത്തിനായാണ് ചിത്രമതിൽ നിർമിച്ചതെന്ന് മഞ്ഞപ്ര ഇലക്ട്രിക്കൽ സെക്ഷൻ അസി. എജിനീയർ ലാലു ജോസ് പറഞ്ഞു. ചിത്രമതിൽ ഒരുക്കാൻ സബ് എൻജിനീയർമാരായ സിജോ ജോസഫ്, അമ്പിളി എ, അഖിൽ മാത്യൂസ്, ഓവർസിയർമാരായ ജോഷി മാടൻ, എൻ.എസ്. സുരേഷ്, എന്നിവർ നേതൃത്വം നൽകി.
