ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർസംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ്സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്.
ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്.സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രlകം സീറ്റുകൾ സംവരണം ചെയ്തിരിക്കും.
ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.
ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ രീതി.
- പ്രദീപ് ചാത്തന്നൂർ
