പരവൂർ: പ്രവർത്തന രഹിതമായ ചെറിയ തുകയ്ക്കുള അക്കൗണ്ടുകളിലെ പണം സ്വയമേവ തീർപ്പാക്കാൻ ഇപിഎഫ് നടപടി.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ഏഴ് ലക്ഷത്തോളം ചെറുകിട പ്രവർത്തന രഹിതമായ അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഈ അക്കൗണ്ടുകളിലെ 1000 രൂപ വരെ മൂല്യമുള്ള തുക അക്കൗണ്ട് ഉടമകളിൽ നിന്ന് ക്ലയിം അപേക്ഷയോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ ഓട്ടോമാറ്റിക്കായി റീഫണ്ട് ചെയ്യാനാണ് ഇപിഎഫ് തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. പൈലറ്റ് പദ്ധതി എന്ന രീതിയിലാണ് ഇത് ആരംഭിക്കുന്നത്.
1000 രൂപ വരെ ബാലൻസുള്ള നിഷ്ക്രിയ അക്കൗണ്ടുകളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു തുക കൈമാറും. അതേസമയം ക്ലയിം ചെയ്യാത്ത കൂടുതൽ തുകകളുള്ള അംഗങ്ങളെ കൃത്യമായി കണ്ടെത്തുന്നതിനുള്ള നടപടികൾക്കും ഇപിഎഫ് അധികൃതർ തുടക്കമിട്ടിട്ടുണ്ട്. പൈലറ്റ് പദ്ധതി പ്രകാരം ഏകദേശം 30 കോടി രൂപയാണ് തീർപ്പാക്കുക.
10,900 കോടി രൂപയുടെ ഏകദേശം 31 ലക്ഷം നിഷ്ക്രിയ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇപിഎഫിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ഇപിഎഫ് അക്കൗണ്ടിൽ അംഗം അന്തിമ സെറ്റിൽമെന്റിന് അർഹത നേടിയ ശേഷം 36 മാസത്തേക്ക് ക്ലയിമുകൾ ഫയൽ ചെയ്യാതിരുന്നാൽ അത് പ്രവർത്തന രഹിതമാകും. 58 വയസ് തികഞ്ഞതിനു ശേഷമുള്ള വിരമിക്കൽ, വിദേശത്ത് സ്ഥിരമായി താമസമാക്കൽ, അല്ലെങ്കിൽ അംഗത്തിന്റെ മരണം എന്നീ സാഹചര്യങ്ങളിൽ സാധാരണയായി അന്തിമ സെറ്റിൽമെന്റിനുള്ള യോഗ്യത ലഭിക്കുന്നു.
ജോലി ഉപേക്ഷിക്കുകയോ കുറച്ച് വർഷത്തേക്ക് ഇപിഎഫിലേക്ക് സംഭാവന നൽകാതിരിക്കുകയോ ചെയ്യുന്നത് ഒരു അക്കൗണ്ടിനെ യാന്ത്രികമായി പ്രവർത്തന രഹിതമാക്കുന്നതുമില്ല.
