ഗാംഗ്ടോക്ക്: സിക്കിമിലെ സോംഗോ തടാകത്തിന്റെ സമീപ പ്രദേശങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും മോശം കാലാവസ്ഥയിലും കുടുങ്ങിയ 2700-ലേറെ വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഷെറതാംഗ് മേഖലയിലുണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയിൽ 541 വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്.
റോഡുകളിൽ മഞ്ഞ് കട്ടപിടിച്ചതോടെ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. സിക്കിം ടൂറിസം വകുപ്പ്, പോലീസ്, വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകൾ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നും ടൂറിസം മന്ത്രാലയം അറിയച്ചു.തുടർച്ചയായ മഞ്ഞുവീഴ്ച കണക്കിലെടുത്ത് വിനോദസഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി പാലിക്കണമെന്നും മഞ്ഞുള്ള മേഖലകളിൽ യാത്ര ചെയ്യുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
