തുറവൂർ : ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാടുനികർത്തുവീട്ടിൽ മെയ്യ എന്നു വിളിക്കുന്ന രാധയുടെ (75) മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷ് (49) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കി. വളമംഗലത്ത് ഉള്ള ഇയാളുടെ ഭാര്യവീട്ടിൽ ചെന്ന് 15 വയസുള്ള മകളെയും 13 വയസുള്ള മകനെയും വിളിച്ചു കൊണ്ടു വന്നു. പിന്നീട് അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിനുശേഷം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കിയെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി.
ഭാര്യയുമായി ഇയാൾ വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ കുത്തിയതോട് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണു പറയുന്നത്.എന്നാൽ ഇയാൾ മദ്യപാനിയായിരുന്നുവെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നുമാണ് പരിസരവാസികൾ പറയുന്നത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടുകൂടി പോലീസ് സ്ഥലത്തെത്തുകയും വീട് സീൽ ചെയ്യുകയുകയും പോലീസ് സംരക്ഷണം ഏർപ്പെടു ത്തുകയും ചെയ്തു.
ഇന്നു രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും മറ്റും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്നാണു പോലീസ് പോലീസ് അറിയിച്ചത്.
