കൊച്ചി: പതിറ്റാണ്ടിനു ശേഷം വീണ്ടും കൊച്ചിയിൽ ഫുട്ബോൾ ആരവം. എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിലെ അവസാന മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് 31ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹോങ്കോംഗിനെ നേരിടും.
പത്ത് വർഷത്തിനു ശേഷമാണ് കൊച്ചിയിൽ ബ്ലൂ ടൈഗേഴ്സ് മത്സരത്തിനിറങ്ങുന്നത്. 2016 മാർച്ചിൽ ഇതേ വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ തുർക്ക്മെനിസ്ഥാനെ നേരിട്ടു. ഇന്ത്യൻ സീനിയർ പുരുഷ ടീം കേരളത്തിൽ അവസാനമായി കളിച്ചതും ആ മത്സരമായിരുന്നു.
2027 എഎഫ്സി ഏഷ്യൻ കപ്പിനുള്ള മത്സരത്തിൽ നിന്ന് പുറത്തായ ഇന്ത്യ യോഗ്യതാ മത്സരത്തിൽ വിജയ പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ മാർച്ചിൽ ഷില്ലോംഗിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനും കഴിഞ്ഞ വർഷം ഒക്ടോബറിൽ മർഗോവയിൽ സിംഗപ്പുരിനെതിരേ യും ആതിഥേയത്വം വഹിച്ചതിന് ശേഷം, 2027 എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സ് ഫൈനൽ റൗണ്ടിൽ ഇന്ത്യയുടെ മൂന്നാമത്തെ വ്യത്യസ്ത ഹോം വേദിയാണ് കൊച്ചി.
