ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റുകളിലൊന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബിനെ കണ്ടെത്താനുള്ള ടൂർണമെന്റാണത്. ഇംഗ്ലണ്ടിലെയും, സ്പെയിനിലെയും, ഫ്രാൻസിലെയും, ഇറ്റലിയിലെയും പോർച്ചുഗലിലെയും ഒക്കെ വന്പൻ ക്ലബുകൾ നേർക്കുനേർ നിന്ന് പോരാടുന്ന വേദിയാണ് യുസിഎൽ. റയൽ മാഡ്രിഡിനെയും ബാഴ്സലോണെയേയും മാഞ്ചസ്റ്റർ സിറ്റിയെയും പിഎസ്ജിയേയും ലിവർപൂളിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഒക്കെ നമുക്ക് ആ പോരിൽ കാണാം.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും നെയ്മർ ജൂനിയറും വെയ്ൻ റൂണിയും റോബർട്ട് ലെവാൻഡോസ്കിയും അടക്കുള്ള വമ്പൻമാർ ഏറ്റുമുട്ടിയിരുന്ന ആ ടൂർണമെന്റ് ലോകത്ത് തന്നെ ഏറ്റവും പോപ്പുലറായ ടൂർണമെന്റാണ്. ഇന്നിപ്പോ ഇവരിൽ പലരും കളിക്കുന്നില്ലെങ്കിലും ഇന്നത്തെ സൂപ്പർ താരങ്ങളായ ലമീൻ യമാലും കിലിയൻ എംബപ്പെയെയും എർലിംഗ് ഹാളണ്ടിനെയും ഒക്കെ പോലുള്ളവർ അങ്കത്തിനിറങ്ങുന്നുണ്ട്. ഏറ്റവും മികവുള്ള മത്സരങ്ങൾ കാണാൻ പറ്റിയ വേദി കൂടിയാണ് ഇത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലാലിഗയും, ലീഗ് വണും, സീരി എയും ഒക്കെ മികച്ചവ തന്നെയാണെങ്കിലും ഇതിലെ മികച്ച ക്ലബുകൾ പരസ്പരം ഏറ്റുമുട്ടുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രത്യേക സ്ഥാനമാണ് ഫു്ടബോൾ പ്രേമികൾക്കിടയിലുള്ളത്. മെസി ബാഴ്സയ്ക്ക് വേണ്ടിയും പിന്നീട് പിഎസ്ജിക്ക് വേണ്ടിയും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനും വേണ്ടിയൊക്കെ ഇറങ്ങിയിരുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികളാണ് മിക്ക ആരാധകർക്കും ഉണ്ടായിരുന്നത്. ഇവർക്ക് മുന്നേയും മികച്ച താരങ്ങൾ ഏറ്റുമുട്ടിയിരുന്ന സമയം ഉണ്ടായിരുന്നെങ്കിലും ടെലിവിഷനും കേബിൾ നെറ്റ്വർക്കും ഒക്കെ കൂടുതൽ വ്യാപിച്ചത് ഇവരുടെ കാലഘട്ടത്തിലായിരുന്നുവെന്ന് പറയാം.
ബാഴ്സയും, റയലും, മാഞ്ചസ്റ്റർ യുണൈറ്റഡും, ബയേൺ മ്യൂണിക്കും ഒക്കെ കിരീടം നേടുന്നത് നമ്മൾ എത്ര തവണ കണ്ടതാണ്. ആവേശത്തിലാക്കിയിരുന്ന എത്രയെത്ര മത്സരങ്ങൾ. ഇത്രയും പറഞ്ഞത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പൊതു കാര്യങ്ങൾ. എന്നാൽ, ഈ പറയുന്ന അത്രയും പൊപ്പുലറാണോ ഇന്ത്യയിൽ യുസിഎൽ ഒക്കെ. എവിടന്ന്… അല്ലെ… കേരളത്തിലും ബംഗാളിലും ഗോവയിലും നോർത്ത് ഈസ്റ്റിലും ഒക്കെ കാണുന്നവർ ഒരുപാടുണ്ടാവും. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒക്കെ അപൂർവമായി മാത്രമെ ഈ ടൂർണമെന്റൊക്കെ കാണുന്നവരുണ്ടാകു. കാണുന്നത് പോയിട്ട് അറിയാവുന്നവർ പോലും കുറവായിരിക്കും.
അതങ്ങനെയല്ലെ വരൂ! ഫുട്ബോളിന് പോലും മുകളിൽ സൂചിപ്പിച്ച ചില സ്ഥലങ്ങളിൽ മാത്രമല്ലെ സ്വീകാര്യതയുള്ളു. വല്ലപ്പോഴും വരുന്ന ഫിഫ ലോകകപ്പ് മാത്രമായിരിക്കും രാജ്യത്തെ മറ്റിടങ്ങളിൽ ഫുട്ബോൾ. ക്ലബ് ഫുട്ബോൾ ഉണ്ടൊയെന്ന് പോലും പലർക്കും അറിയില്ല എന്ന് തോന്നുന്നു. ഇനി രസകരമായ ഒരു കാര്യം പറയാം. ഐഎസ്എല്ലും, ഐ ലീഗും ഒക്കെ നടക്കുന്നത് നമ്മുടെ രാജ്യത്താണ്. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും ഗോവയിൽ നിന്നും നോർത്ത് ഈസ്റ്റിൽ നിന്നും മാത്രമല്ല മറ്റിടങ്ങളിൽ നിന്നും ടീമുകളുണ്ട്. ഐഎസ്എല്ലിൽ ഒക്കെ മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നുമൊക്കെയുള്ള ടീമുകൾ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, അതായത് 2014 ന് ഒക്കെ ശേഷം മറ്റിടങ്ങളിലേയ്ക്കും ഫുട്ബോൾ വ്യാപിച്ചിട്ടുണ്ട്.
പക്ഷെ സ്വീകാര്യത കാര്യമായി ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലൊ ഐഎസ്എല്ലിന്റെ ഒക്കെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നത്. ഈ സീസണിൽ നന്നായി പോകുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. സർക്കാരിൽ നിന്ന് പോലും ഫുട്ബോളിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ടാണല്ലൊ ലോകറാങ്കിംഗിൽ ഒക്കെ നമ്മൾ ഏറെ പിന്നിൽ നിൽക്കുന്നത്. ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ഇവിടെ നിന്നും മെസിയും റൊണാൾഡോയെയും ഒക്കെ പോലെയുള്ള കളിക്കാർ ഉണ്ടാവേണ്ടതുണ്ട്.
പക്ഷെ ഇതൊന്നും ഇവിടെ അത്ര പെട്ടെന്ന് നടക്കില്ല. കാരണം ഇവിടെയെല്ലാം ക്രിക്കറ്റല്ലെ. ലോകകപ്പോ ഏഷ്യ കപ്പോ ഒന്നും വേണമെന്നില്ല. ഏതെങ്കിലും ക്രിക്കറ്റ് മത്സരം മതി , ആഘോഷിക്കാൻ. ടിവിയിലും ഇപ്പോൾ ഫോണിലും ഒക്കെ ക്രിക്കറ്റ് മത്സരം ഉണ്ടെങ്കിൽ അത് കാണുന്നതാണല്ലോ രീതി. പിന്നെയെങ്ങനെ യുവേഫ ചാമ്പ്യൻസ് ലീഗ് ഒക്കെ ഇവിടെ പോപ്പുലറാവും. അല്ലെ?..റയൽ ജയിച്ചാലും എന്താ,ആഴ്സണൽ ഡ്രോ ആയാലും എന്താ, അല്ലെ……..
ശബരിനാഥ് ബാലൻ
