കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ(38) ആണ് പിടിയിലായത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്റെ നടപടി. യുവതിയിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളിൽ നിന്ന് സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
