അമ്പലപ്പുഴ: സർക്കാർ സ്കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം. ലക്ഷങ്ങളുടെ നഷ്ടം. ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന പുന്നപ്ര ഗവ. ജെബി സ്കൂളിലാണ് അക്രമം നടന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം അധ്യാപകർ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. മൂന്നുവർഷം മുൻപ് എസ്എസ്കെ ഫണ്ടിൽ ഉൾപ്പെടുത്തി 6 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സ്കൂളിനു മുന്നിൽ നിർമിച്ച കുട്ടികളുടെ പാർക്കിലാണ് അക്രമ പ്രവർത്തനങ്ങൾ നടന്നത്.
സിമന്റിൽ തീർത്ത മയിൽ, മാൻ, ജിറാഫ്, കൊക്ക് എന്നിവയുടെ രൂപങ്ങൾ തകർത്തു. കൂടാതെ നിരവധി ചെടിച്ചട്ടികളും തകർത്ത നിലയിൽ കണ്ടെത്തി. തകർത്തതിന്റെ ചില ഭാഗങ്ങൾ കിണറ്റിലും തള്ളി. സ്കൂൾ ഓഡിറ്റോറിയത്തിനുള്ളിൽ വച്ചിരുന്ന മൈക്ക് സ്റ്റാൻഡ് മോഷണം പോകുകയും ചെയ്തു.
വിദ്യാർഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായാണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഇവ സ്കൂളിൽ നിർമിച്ചത്. ഇതാണ് അക്രമികൾ തകർത്തത്. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി.
