ന്യൂഡൽഹി: ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കേണ്ട കാലയളവുമായി ബന്ധപ്പെട്ട തർക്കമാണു ചർച്ചകൾ ലക്ഷ്യം കാണാതെപോയത്. ഇറാൻ നടത്തുന്ന ആണവ പ്രവർത്തനങ്ങൾ ഇരുപതു വർഷത്തെക്കു നിർത്തിവയ്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, അഞ്ചു വർഷത്തിലധികം സമ്മതിക്കാനാവില്ലെന്ന് ഇറാൻ കടുത്ത നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
യുറേനിയം സമ്പുഷ്ടീകരണത്തിനു പുറമെ, ആഗോള ഊർജ വിതരണത്തിന്റെ പ്രധാനകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാനു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. നിലവിൽ ഇറാൻ ഉപരോധിച്ചിരിക്കുന്ന കടലിടുക്ക് തുറക്കുമെന്ന് അമേരിക്ക ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, മുന്പ് ജനീവയിൽ നടന്ന ചർച്ചകൾക്കിടെ അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, വാഷിംഗ്ടണിന്റെ വാഗ്ദാനങ്ങളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സംശയം പ്രകടിപ്പിച്ചു.
ഇസ്ലമാബാദിലെ സെറീന ഹോട്ടലിൽ അതീവ സുരക്ഷയോടെയായിരുന്നു കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ചർച്ചകളിൽ പങ്കെടുത്തു. ഇരുപതു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഒരു ഘട്ടത്തിൽ എൺപതു ശതമാനത്തോളം ധാരണയിൽ എത്തിയെങ്കിലും, സുപ്രധാന തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരുവിഭാഗവും തുടർന്നതു തിരിച്ചടിയാകുകയായിരുന്നു.
ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണു ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ആണവ വിഷയത്തിനു പുറമെ സുരക്ഷാ ഉറപ്പുകളും ഉപരോധങ്ങൾ പൂർണമായി നീക്കുന്നതും ഉൾപ്പെടുന്ന വിപുലമായ കരാറാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്. ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാംഘട്ട ചർച്ചകളെക്കുറിച്ച് ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുനടന്ന ഉന്നതതല ചർച്ചയാണിത്.
