കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി ഫോണ്‍ വഴി രേഖപ്പെടുത്തിയതായി സൂചന. പെണ്‍കുട്ടിക്കായി പോലീസ് സംഘം പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവ് ഫര്മാന് ഖാന്റെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷക സംഘം. താരത്തിന്റെ വിവാഹം നടത്താന്‍ സഹായിച്ചതായി കരുതുന്നയാളുടെമൊഴി മധ്യപ്രദേശ് പോലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു.
അതേസമയം പോലീസ് സംഘം കൊച്ചിയില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍. ഒരു സിഐ, എസ്ഐ, രണ്ട് സിപിഒമാര്‍ എന്നിവരടങ്ങുന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള അന്വേഷക സംഘം.
താരത്തിനെ വിവാഹം ചെയ്ത ഫര്മാന് ഖാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മധ്യപ്രദേശ് പോലീസ് അന്വേഷക സംഘത്തെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ മേയ് 20 വരെ ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ കാര്യവും അറിയിച്ചിട്ടുണ്ട്.
കുംഭമേള വൈറല്‍ താരം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ–മെയിലില്‍ നല്കിയ പരാതിക്കൊപ്പം നല്കിയ രേഖകളും മധ്യപ്രദേശ് പോലീസ് പരിശോധിച്ചു. തനിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നും 2008 ജനുവരി ഒന്നിനാണ് ജനനമെന്നും തെളിയിക്കുന്ന ആധാര്‍ കാര്‍ഡിന്റേയും പാന്കാര്ഡിന്റേയും പകര്‍പ്പുകള്‍ സഹിതമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
മധ്യപ്രദേശ് പോലീസ് ബലമായി തന്നെ പിടിച്ചു കൊണ്ടു പോകാന്‍ എത്തുമെന്ന വിവരം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തനിക്ക് ലഭിച്ചതായി പെണ്‍കുട്ടി തന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും ഭര്‍ത്താവും വീണ്ടും കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
