ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഇർഫാൻ ഖാൻ നായകനായ ‘ദി ലാസ്റ്റ് ടെനന്റ്’ 25 വർഷങ്ങൾക്കുശേഷം യൂട്യൂബിൽ റിലീസ് ചെയ്തു. 2000 ത്തിൽ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് ചെയ്യാൻ സാധിക്കാതെ പോയ ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സിനിമാ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ റിലീസ് ചെയ്തത്.
ഇർഫാൻ ഖാനും വിദ്യ ബാലനും ഒന്നിച്ചഭിനയിച്ച ഏക സിനിമ കൂടിയാണ് ‘ദി ലാസ്റ്റ് ടെനന്റ്’. ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി ഏപ്രിൽ 29 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29ന് ആയിരുന്നു ഇർഫാൻ ഖാന്റെ വിയോഗം. നടന്റെ അകാല മരണം മുഴുവൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
സാർത്ഥക് ദാസ് ഗുപ്തയും നീനയും സാർത്ഥക് ദാസ് ഗുപ്തയും ചേർന്നാണ് ദി ലാസ്റ്റ് ടെനന്റ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നീന ദാസ്ഗുപ്തയും സാർത്ഥക് ദാസ്ഗുപ്തയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് രണ്ടര പതിറ്റാണ്ടായി പുറത്തിറങ്ങാതെ പോയത്. സിനിമയുടെ ഭാവിയിൽ പ്രതീക്ഷ കൈവിട്ടിരുന്ന സംവിധായകൻ ദാസ്ഗുപ്ത അടുത്തിടെയാണ് ചിത്രത്തിന്റെ ഒരു വിഎച്ച്എസ് പകർപ്പ് കണ്ടെത്തിയത്. പിന്നാലെയാണ് പ്രോജക്റ്റ് പുനഃസ്ഥാപിക്കാനും ഒടുവിൽ ചിത്രം റിലീസ് ചെയ്യാനും സാധിച്ചത്. ദാസ്ഗുപ്തയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദി ലാസ്റ്റ് ടെനന്റ്. യൂട്യൂബിൽ റിലീസ് ചെയ്തതിനുശേഷം, ചിത്രം ഏകദേശം 2 ലക്ഷം വ്യൂസ് ഇതിനോടകം നേടിക്കഴിഞ്ഞു.
