കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വി.ഡി. സതീശന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സ്വന്തം ജില്ലയിലെ എംഎല്‍എമാരുടെ നിലപാട്. സംസ്ഥാനത്തും എറണാകുളം ജില്ലയിലും യുഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്ന് നയിച്ച സതീശനേക്കാള്‍ നിയുക്ത എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കെ.സി. വേണുഗോപാലിനാണ്. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം കുറവാണെങ്കില്‍ പോലും കുടുതല്‍ പേരുടെയും മനസിലിരിപ്പ് കെസിക്ക് ഒപ്പമാണെന്നാണ് സൂചനകള്‍.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പേ കെസിക്കായി പരസ്യമായി രംഗത്തെത്തിയത് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടനായിരുന്നു. ഇതു സംബന്ധിച്ച പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം വിലക്ക് എര്‍പ്പെടുത്തിയതോടെ പിന്നീടാരും പരസ്യമായ പിന്തുണ പ്രകടിപ്പിച്ച് രംഗത്ത് വന്നില്ല. എന്നാല്‍ അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, വൈപ്പിനിലെ നിയുക്ത എംഎല്‍എ ടോണി ചമ്മണി, പെരുമ്പാവൂരിലെ നിയുക്ത എംഎല്‍എ മനോജ് മൂത്തേടന് എന്നിവരുടെ കൂറ് കെ.സി. വേണുഗോപാലിനോടാണെന്നാണ് സൂചന.
കൊച്ചി നിയുക്ത എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസാണ് സതീശനുവേണ്ടി പരസ്യമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നുള്ള ആളാകണമെന്നായിരുന്നു ഷിയാസ് പ്രതികരിച്ചത്. ഇത് സതീശനുവേണ്ടിയാണെന്ന വ്യാഖ്യാനം വന്നതോടെ ഷിയാസിനെയും പാര്‍ട്ടി വിലക്കി. ഷിയാസിന് മത്സരിക്കാന്‍ സീറ്റ് ലഭിച്ചത് വിഡിയുടെ നിര്‍ബന്ധത്തിലായിരുന്നു.
അതേപോലെ തൃപ്പൂണിത്തുറ നിയുക്ത എംഎല്‍എയും കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി മേയറുമായ ദീപക് ജോയിയും വിഡിയെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇന്നലെ ആലുവയിലെ വീട്ടിലെത്തി ദീപക് സതീശനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. സതീശന്റെ നിര്‍ബന്ധത്തിലാണ് ദീപക്കിന് മത്സരിക്കാന്‍ സീറ്റ് ലഭിച്ചത്.
അതേസമയം എറണാകുളം എംഎല്‍എ ടി.ജെ. വിനോദ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മനസ് രമേശ് ചെന്നിത്തലയ്ക്കൊപ്പമാണ്. തൃക്കാക്കര എംഎല്‍എ ഉമ തോമസും കുന്നത്തുനാട് നിയുക്ത എംഎല്‍എ വി.പി. സജീന്ദ്രനും നിലപാട് വ്യക്തമാക്കിയിട്ടില്ല.ജില്ലയില്‍ കോണ്‍ഗ്രസിന് 11എംഎല്‍എമാരാണുള്ളത്.
ഇതില്‍ നാല് പേര് വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. രണ്ട് പേരുടെ പിന്തുണ വി.ഡി. സതീശനും രണ്ടുപേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. രണ്ടു പേര് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരാള്‍ വി.ഡി. സതീശനുമാണ്.
