30 വർഷം ഡൽഹിയിൽ ജീവിച്ച പാർവ് ശർമ യോധ എന്ന യുവാവ് കഴിഞ്ഞ ശേഷം രണ്ടര വർഷം മുമ്പ് ജോലിക്കായി ഹൈദരാബാദിലേക്ക് മാറിയതിനുശേഷം തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വൈകാരികമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറിയത് തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും ഇപ്പോൾ ഉത്കണ്ഠ ഇല്ലെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഡൽഹിയിൽ ജനിച്ചുവളർന്ന ഇദ്ദേഹം കഴിഞ്ഞ 30 വർഷത്തിനുശേഷം ഏകദേശം രണ്ടര വർഷം മുമ്പാണ് ജോലിയുടെ ഭാഗമായി ഭാര്യയോടൊപ്പം ഹൈദരാബാദിലേക്ക് മാറിയത്.
ഡൽഹിയിൽ നടക്കുമ്പോൾ എപ്പോഴും ഫോണോ ആഭരണങ്ങളോ മോഷ്ടിക്കപ്പെടുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും, എന്നാൽ ഹൈദരാബാദിൽ രാത്രി വൈകിപ്പോലും ഭാര്യക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയമില്ലാത്തത് തനിക്ക് സമാധാനം നൽകുന്നുവെന്നും അദ്ദേഹം പറയുന്നു.
ഡൽഹിയിലെ ജീവിതം തന്നെ എപ്പോഴും ജാഗരൂകനാക്കി മാറ്റിയെന്നും എന്നാൽ ഹൈദരാബാദിലെ ജീവിതം തന്റെ ഉത്കണ്ഠ അകറ്റിയതായും തെലങ്കാന പോലീസിന്റെ പെരുമാറ്റം വളരെ മാന്യവും സഹായിക്കുന്നതുമാണെന്നു അദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു. മികച്ച സുഹൃത്തുക്കളെ ലഭിച്ചതും കരിയറിലുണ്ടായ പുരോഗതിയും നഗരവുമായുള്ള മാനസിക അടുപ്പവും വളരെ നല്ലതാണെന്നുമാണ് പാർവ് പറയുന്നത്.
നഗരങ്ങളിലെ സൗകര്യങ്ങളെക്കാളുപരി സമാധാനത്തിനും സുരക്ഷിതത്വത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തിന് താഴെ സമാനമായ അനുഭവങ്ങളുമായി നിരവധിപ്പേർ കമന്റുകളായി രേഖപ്പെടുത്തിയിട്ടിട്ടുണ്ട്.
