വാർഷിക ശമ്പള വർദ്ധനവിന് പകരമായി കമ്പനി നൽകിയ ഗുഡ്ഡി ബാഗിന്റെ ചിത്രം റെഡ്ഡിറ്റിൽ പങ്കുവെച്ച ജീവനക്കാരന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. വാട്ടർ ബോട്ടിൽ, പേന, ക്രാക്കേഴ്സ്, മിഠായി, ചെറിയ ടേപ്പ് എന്നിവയടങ്ങിയ ബാഗ് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയത്.
ശമ്പളം കൂട്ടുന്നതിന് പകരം കമ്പനി ഗുഡ്ഡി ബാഗുകളാണ് നൽകിയത്. അതെ, ഇതിൽ ആകെ ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നായിരുന്നു ആ പോസ്റ്റിന്റെ അടികുറിപ്പ്. പോസ്റ്റിൽ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കമ്പനിയുടെ ഈ പ്രവൃത്തിയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് മുന്നൂറോളം കമന്റുകളാണ് ലഭിച്ചത്. ആയിരക്കണക്കിന് ആളുകൾ കാണുകയും 7,500ലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തതോടെ പോസ്റ്റ് വൈറലായി.
ഇതിനുപകരം ഒന്നും തരാതിരുന്നെങ്കിൽ ഇതിലും കുറച്ച് അപമാനം തോന്നിയേനെ,” എന്നാണ് ഒരാൾ കുറിച്ചത്.പണപ്പെരുപ്പം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ ഞെരുക്കുകയും, ശമ്പള വർദ്ധനവിനായി ജീവനക്കാർ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഈ സമയത്താണ് ഒരു കമ്പനി നൽകിയ “വർഷാവസാന ശമ്പള വർദ്ധനവ് എന്ന അടികുറിപ്പിൽ അദേഹം അത് പോസ്റ്റ് ചെയ്തത്. വളരെ വൈകാരികമായാണ് ആളുകൾ ഇതിനോട് പ്രതികരിച്ചത്. ഏറ്റം സങ്കടത്തോടെയും വിഷമത്തോടെയും ഈ പോസ്റ്റിനെ സ്വീകരിച്ച ആളുകളും യുവാവിന് പിന്തുണയുമായെത്തി.
