ആലപ്പുഴ: ഹരിപ്പാട് ആനാരിയിലെ മീനത്തേതില്‍ വീട്ടിൽ പോലീസ് കോണ്‍സ്റ്റബിളായി വിരമിച്ച എം. മോഹന്‍ലാലിന്റെയും ചന്ദ്രികയുടെയും മകനായ ലിജു, സാധാരണ കുടുംബത്തിന്റെ പരിമിതികളില്‍ നിന്നാണ് വളര്‍ന്നത്. സ്വന്തം പഠനച്ചെലവുകള്‍ക്കായി ട്യൂഷനെടുത്തും അധ്വാനിച്ചുമാണ് അദ്ദേഹം മുന്നേറിയത്.
ഫിസിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അഭിഭാഷകനായി. പുസ്തകവായനയും ചരിത്രബോധവും കൈമുതലാക്കിയ ലിജു, രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനം നല്കുന്ന വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്.
1994 ല്‍ സ്കൂള്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റായാണ് ലിജുവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് വഴി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം, പിന്നീട് ദേശീയ ജനറല്‍ സെക്രട്ടറിയായും ഉയര്‍ന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.
നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും രാഷ്ട്രീയ കാര്യസമിതി അംഗവുമാണ്. കായംകുളത്തു നിന്ന് നിയമസഭയിലേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് നൂറിലധികം പ്രവാസികളെ സൗജന്യമായി അദ്ദേഹം നാട്ടിലെത്തിച്ചതും ബംഗളൂരുവിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ഥികളെ ഡി.കെ. ശിവകുമാറുമായി സഹകരിച്ച് സുരക്ഷിതമായി നാട്ടിലെത്തിച്ചതും ലിജുവിലെ നേതാവിന്റെ കരുതല്‍ തെളിയിക്കുന്നു. ഭാര്യ: അമ്പിളി ലിജു. ഗാര്‍ഗി പ്രിയദര്‍ശിനി, ഗഗന പ്രിയദര്‍ശിനി എന്നിവര്‍ മക്കളാണ്.
