ആലുവ: പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുക്കുന്നതിന്റെ ബഹുമാനാർഥം റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് പ്രഖ്യാപിച്ച സൗജന്യ ബിരിയാണി ആസ്വദിച്ച് മുപ്പതോളം സതീശന്മാർ.
റോയലിന്റെ ജില്ലയിലെ 14 ശാഖകളിലും സതീശ്, സതീശൻ എന്നീ പേരുകളിലുള്ളവർക്കു സൗജന്യമായി ബിരിയാണി സത്കാരം ഒരുക്കിയിരുന്നു.
ആലുവ കേന്ദ്രമായ റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആലുവ ദേശത്തു താമസിക്കുന്ന ആലുവക്കാരൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പങ്കിടാനാണ് ബിരിയാണി വാഗ്ദാനം ചെയ്തത്.
സത്യപ്രതിജ്ഞാദിനമായിരുന്ന ഇന്നലെ തിരിച്ചറിയൽ കാർഡുമായി വന്നവർക്കാണ് ബിരിയാണി നൽകിയത്.ആലുവയിൽ ഉടമ റഫീഖ് ചൊക്ലിതന്നെയാണ് സതീശൻമാരെ സ്വീകരിച്ചത്. ആകെ 30ഓളം പേർ വന്നതായാണു കണക്ക്.
തന്റെപേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായതിൽ അഭിമാനിക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് മുൻ മാനേജരായ സതീശ് ഭക്ഷണശേഷം പറഞ്ഞു. സൗജന്യമറിഞ്ഞ് എത്തിയവരെല്ലാം യുഡിഎഫ് അനുഭാവികളല്ലെങ്കിലും നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളർപ്പിച്ചു.
