കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും വാക്പ്രയോഗങ്ങളും സംസാരശൈലിയും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തതായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു.
കേരള കോണ്‍ഗ്രസ് -എം മുന്നണി മാറുന്നു എന്ന രീതിയിലുള്ള പ്രചാരണം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച്, ജില്ലയില്‍ യുഡിഎഫിനു ഗുണം ചെയ്തതായും അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷമുള്ള ജില്ലാ നേതൃയോഗങ്ങളുടെ ഭാഗമായിട്ടുള്ള സെക്രട്ടേറിയറ്റ് യോഗമായിരുന്നു ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായിരുന്ന വി.എന്‍. വാസവന് മത്സരിച്ച ഏറ്റുമാനൂരില്‍ അമിത വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയതും തെരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായ വീഴ്ചയും പരാജയകാരണമായി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു കേന്ദ്രങ്ങളെ മന്ത്രി എന്ന നിലയില്‍ അവഗണിച്ചതും വികസന പ്രവര്‍ത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും പരാജയത്തിനു കാരണമായി.
മണ്ഡലത്തിലെ മറ്റു കേന്ദ്രങ്ങളിലാണ് മന്ത്രി കൂടുതലായും ശ്രദ്ധിച്ചത്. ഇവിടെനിന്നു കാര്യമായ പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പലയിടത്തും വോട്ടു മറിച്ചുകുത്തുന്ന സ്ഥിതിയുമുണ്ടായി. ഈഴവ സമുദായത്തിന്റെ വോട്ടുബാങ്കില്‍ നിന്നു വലിയ രീതിയില്‍ വോട്ടു ചോര്‍ന്നു.
കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി മത്സരിച്ച പാലായില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം നല്ലരീതിയിൽ പ്രവര്‍ത്തിച്ചിട്ടും വിജയിക്കാനാവാത്തതിന്റെ കാരണം താഴേത്തട്ടില്‍ വരെ പരിശോധിക്കും. ന്യൂനപക്ഷ ഏകീകരണം കാര്യമായി പാലായില്‍ ഉണ്ടായില്ലെങ്കിലും മലയോര മേഖലയില്‍ ഉള്‍പ്പെടെ പല പഞ്ചായത്തിലും പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്ന പല വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന സ്ഥിതിയുമുണ്ടായി.
സിപിഎം പ്രവര്‍ത്തകര്‍ ക്രോസ് വോട്ട് ചെയ്തു എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആക്ഷേപത്തില്‍ കഴമ്പില്ല. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സിപിഎം, സിപിഐ വോട്ടുകള്‍ മുഴുവന്‍ ലഭിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ്-എമ്മിൽനിന്ന് വോട്ടുകള്‍ ചോര്‍ന്നു.വൈക്കത്തെ പരാജയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ വൈക്കം മണ്ഡലം കമ്മിറ്റിക്കു നിര്‍ദേശം നല്‍കും.
സിപിഐയിലെ പ്രശ്നങ്ങളും പരമ്പരാഗത വോട്ടുകളിലെ വിള്ളലും പിന്നാക്ക വിഭാഗത്തിന്റെയും ഈഴവ സമുദായത്തിന്റെയും വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കും ലഭിച്ചെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. കോട്ടയം മണ്ഡലത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം പൂര്‍ണമായും പ്രവർത്തിച്ചിട്ടും ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കാത്തതിന്റെ കാരണം താഴേത്തട്ടില്‍ പരിശോധിക്കും.
പുതുപ്പള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാളിച്ച പറ്റിയതാണോ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇത്രയും ഭീമമായി വര്‍ധിക്കാന്‍ കാരണമെന്നും പരിശോധിക്കും. ചാണ്ടി ഉമ്മന്‍ നടത്തിയ വ്യക്തിപരമായ പിആര്‍ വര്‍ക്കുകളുടെ മുമ്പില്‍ എല്‍ഡിഎഫിനു പിടിച്ചു നില്‍ക്കാനായില്ലെന്നും അയര്‍ക്കുന്നം ഉള്‍പ്പെടെയുള്ള പല മേഖലകളിലും എല്‍ഡിഎഫ് ബൂത്തു തല പ്രവര്‍ത്തനം പരാജയമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വി.എന്‍. വാസവന്, സി.എന്‍. മോഹനന്, സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ശാരീരിക പ്രശ്നങ്ങളാല്‍ ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് അവധിയിലായതിനാല്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല. ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റി യോഗം ചേരും.
