ടെൽ അവീവ്: ഗാസയിലെ യുദ്ധലക്ഷ്യം പൂർത്തീകരണഘട്ടത്തിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7 ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരെയും വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഹമാസിന്റെ മുതിർന്ന കമാൻഡർ എസ്സെദിൻ അൽ ഹദ്ദാദിനെ വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. 1221 പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒന്നൊന്നായി വകവരുത്തിയിരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തിരുന്നു. ഈ ലക്ഷ്യം ഏറെക്കുറെ പൂർത്തിയായതായി ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ 60 ശതമാനം പ്രദേശവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നെതന്യാഹു ആവർത്തിച്ചു.
ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനുശേഷം ഗാസയിലും മേഖലയിലുടനീളമുള്ള സംഘടനയുടെ മുതിർന്ന നേതാക്കളെയും കമാൻഡർമാരെയും ലക്ഷ്യമിട്ട് ഇസ്രേലി സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും തീവ്രശ്രമം നടത്തുകയും ഓരോരുത്തരെയായി വകവരുത്തുകയുമായിരുന്നു.
ഹമാസിന്റെ രാഷ്ട്രീയനേതാവായ ഇസ്മയിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഒളിത്താവളത്തിലേക്കു കടന്നെത്തി ഇസ്രേലി സേന വധിച്ചത് ആശ്ചര്യത്തോടെയാണു ലോകം ശ്രവിച്ചത്. പിന്നാലെ ഹമാസിന്റെ ഹാസയിലെ ഉന്നതനേതാവും ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ യഹിയ സിൻവർ, ഹമാസിന്റെ സൈനികവിഭാഗം കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഉപമേധാവി സാലെ അൽ അറൂറി, ഒക്ടോബർ 7 ഭീകരാക്രമണത്തിനു നേതൃത്വം നൽകിയ ഇസ അൽ ദിൻ അൽ ഹദ്ദാദ്, മുഹമ്മദ് സിൻവർ, അബു ഒബെയ് തുടങ്ങിയവരെയും വകവരുത്തി.
