ഒരു അച്ഛൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നൃത്തം ചെയ്യുന്ന അതിമനോഹരമായ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. ഹൃദയസ്പർശിയും വൈകാരികവുമാണ് ഈ വീഡിയോ. ഇൻസ്റ്റാഗ്രാമിൽ അക്ഷയ് പാലിവാൾ എന്ന വ്യക്തി പങ്കുവെച്ച ഈ റീൽ ഇതിനോടകം തന്നെ 23 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ബംഗളൂരുകാരനായ അക്ഷയ് പാലിവാളും അദ്ദേഹത്തിന്റെ കൊച്ചുമകളുമാണ് ഈ വീഡിയോയിലുള്ളത്. 2001ൽ പുറത്തിറങ്ങിയ ‘ദിൽ ചാഹ്താ ഹേ’ എന്ന ചിത്രത്തിലെ പ്രശസ്തമായ “വോ ലഡ്കി ഹേ കഹാൻ” എന്ന ഗാനത്തിനാണ് അച്ഛനും മകളും ചുവടുകൾ വയ്ക്കുന്നത്.
കുഞ്ഞിനെ ഒരു ബേബി കാരിയറിൽ സുരക്ഷിതമായി കെട്ടിവെച്ചാണ് അച്ഛൻ ചുവടുവെക്കുന്നത്. അച്ഛന്റെ ഡാൻസിനൊപ്പം കുഞ്ഞ് ചിരിക്കുന്നതും കൈകാലുകൾ ഇളക്കി ആസ്വദിക്കുന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്. നെറ്റിസൺസ് ഈ വീഡിയോയെ “ക്യൂട്ട്” എന്നും മനോഹരമായ ഒരു കുടുംബ നിമിഷം എന്നും വിശേഷിപ്പിച്ചു. സ്റ്റെപ്പുകൾ അച്ഛന്റേതാണെങ്കിലും ഷോ മുഴുവൻ കൊണ്ടുപോയത് കുഞ്ഞാണ് എന്നാണ് പലരും കമന്റ് ചെയ്തത്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്ന ഇത്തരം നല്ല അച്ഛന്മാരെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുന്നു.
