കാഞ്ഞിരപ്പള്ളി: വിനോദയാത്രയ്ക്കും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ വീട് കൊള്ളയടിച്ച 19 വയസുകാരനടക്കം പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേർ കൂടി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ അജിത്ത് അനിലി (19) നെയും 17 വയസുള്ള മറ്റ് രണ്ട് കൂട്ടുപ്രതികളെയുമാണ് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആനക്കല്ല് പൊന്മല ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. മേയ് 24ന് അർധരാത്രിയോടെ ആനക്കല്ല് – പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉടമസ്ഥർ ബംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് മനസിലാക്കിയ മോഷണസംഘം ഒരു കാറിൽ ഇവിടെയെത്തി മുഖംമൂടിയും പർദയും ധരിച്ച് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 ഓളം രൂപയും മൂന്ന് പവനോളം സ്വർണവും കവരുകയായിരുന്നു.കാഞ്ഞിരപ്പള്ളി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.സിസിടിവി കാമറകളും ഫോണുകളും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണത്തിനുപയോഗിച്ച വാഹനം കണ്ടെത്തുകയും അതുവഴി പ്രതികളിലേക്ക് എത്തുകയുമായിരുന്നു. പിടിയിലാകുമ്പോൾ മോഷ്ടിച്ച ഒരു മോട്ടോറും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.
അറസ്റ്റിലായ അജിത് പ്രായപൂർത്തിയാകുന്നതിന് മുന്പ് മറ്റൊരു മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളയാളാണ്. മറ്റ് രണ്ട് പ്രതികളും കോളജ് വിദ്യാർഥികളാണ്.കവർച്ചയിലുടെ ലഭിച്ച പണം കൂടാതെ, സ്വർണാഭരണങ്ങൾ പണയം വച്ചു കിട്ടിയ തുക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുവാനായിരുന്നു പ്രതികൾ ഉപയോഗിച്ചത്.
മോഷണത്തിന് ശേഷം മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രതികൾ പോയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.സമീപകാലത്ത് നടന്ന പെട്ടിക്കടകളിലെ മോഷണങ്ങളും കിണറുകളിൽ നിന്ന് മോട്ടോറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദ് ഐപിഎസിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐമാരായ ഗോകുൽ ഗോപൻ, എസ്.എസ്. ഷിജു, എം.പി. അനിൽകുമാർ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള എഎസ്ഐ ജോബി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ സമദ്, വിമൽ ബി. നായർ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സിനോ തങ്കപ്പൻ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് ആർ. നായർ, സിവിൽ പോലീസ് ഓഫീസർമാരായ എം.വി. സുജിത്ത്, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
