കൊച്ചി: നഗരത്തില്‍ അറസ്റ്റിലായ പത്ത് ബംഗ്ലാദേശ് സ്വദേശികളും എത്തിയത് കോല്‍ക്കത്തയില്‍ നിന്നെന്ന് പോലീസ് സംഘം. ബംഗ്ലാദേശില്‍നിന്ന് അതിര്‍ത്തി കടന്നശേഷം ഇവര്‍ ആദ്യം കൊല്‍ക്കൊത്തയിലെത്തിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുകയായിരുന്നു. ബംഗ്ലാദേശ് കുഷ്തിയ ജില്ലക്കാരായ എം. ഡി ലാലോണ്‍ (37), എം.ഡി റിയാദ് അലി (22), എം.ഡി സുമന് (24), എം.ഡി ഫെദോസ് (37), ജോണി അഹമ്മദ് (28), റജിബ് ഹസന് (26), രാജ്ഷാഹി ജില്ലക്കാരായ എം ഡി റാഹിന് അലി (20), എം ഡി ബുള്‍ ബുള്‍ (26), കുഷ്തിയ ജില്ലാക്കാരായ എം ഡി അബ്ദുര്‍ സബാസം (50), എം ഡി മിതാന്‍ അലി (34) എന്നിവരാണ് ഒന്നു മുതല്‍ പത്ത് വരെയുള്ള പ്രതികള്‍.
ഒരു വര്‍ഷത്തോളമായി സംഘം കൊച്ചി നഗരത്തില്‍ ആക്രി പെറുക്കുന്ന ജോലി ചെയ്ത് വരികയാണ്. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം. ഇവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുള്ളവരാണോയെന്ന് അന്വേഷണം നടത്തിവരുകയാണെന്ന് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാരണക്കോടത്തെ വാടകവീട്ടില്‍നിന്ന് പാലാരിവട്ടം പോലീസ് സംഘത്തെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയതിന്റെ പേരിലായിരുന്നു അറസ്റ്റ്. ഫോറിനേഴസ്, പാസ്പോര്‍ട്ട് നിയമപ്രകാരം അനധികൃത പ്രവേശനത്തിനും പാസ്പോര്‍ട്ട് ഇല്ലാത്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവര്‍ക്ക് ബംഗ്ലാദേശ് പൗരത്വമുള്ളതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പത്ത് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് മടക്കി അയക്കുമെന്ന് പോലീസ് പറഞ്ഞു.
