മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു.
എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു.
സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു.
നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷേ, ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയയ്ക്കണം എന്നാണ് അയാൾ പറഞ്ഞത്. എനിക്കതു പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ.
എന്റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്കു രാത്രി സമാധാനമായി കിടന്നുറങ്ങണം. എനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ല. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷേ, എനിക്കതു പറ്റില്ലെന്നും നടി വ്യക്തമാക്കി.
മറ്റു നായികമാർ കാരണം തന്റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി പറഞ്ഞു. ചില ഹീറോകൾക്കു തന്നെ നായികയാക്കുന്നതിൽ താത്പര്യമില്ലായിരുന്നെന്നും താൻ പെർഫോമൻസിൽ അവരെ മറികടക്കും എന്ന ചിന്തയാണിതിനു കാരണമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരിക്കൽ പ്രിയാമണി പറഞ്ഞിരുന്നു.
മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്. കരിയർ ഗ്രാഫ് തകർച്ചയിലായിരുന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിയെ തേടിയെത്തുന്നത്.
ഇതോടെ ബോളിവുഡിലും പ്രിയാമണിക്ക് സ്വീകാര്യത ലഭിച്ചു. കരിയറിന് പൂർണ പിന്തുണ നൽകി ഭർത്താവ് മുസ്തഫ രാജ് പ്രിയാമണിക്കൊപ്പമുണ്ട്. 2017 ലായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് പ്രിയാമണിക്ക് തുടരെത്തുടരെ സിനിമകൾ ലഭിക്കാൻ തുടങ്ങിയത്. ഭർത്താവാണ് തന്റെ ഭാഗ്യമെന്നാണു പ്രിയാമണി പറയാറുള്ളത്.
