അമേരിക്കയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ചും അവിടെ നിന്ന് താൻ പഠിച്ച അഞ്ച് പ്രധാന ശീലങ്ങളെക്കുറിച്ചും ഒരു ഇന്ത്യൻ പ്രൊഫഷണൽ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ നേടുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ തനിക്ക് തുടക്കത്തിൽ വലിയ രീതിയിലുള്ള സാംസ്കാരിക ആഘാതം നേരിടേണ്ടി വന്നതായി അനുഷ്ക് എസ് എന്നയാൾ കുറിക്കുന്നു.
തൊഴിലിനോടുള്ള സമീപനം, ആശയവിനിമയം, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കൽ എന്നിവയിൽ വിദേശരാജ്യങ്ങളിൽ കണ്ട മികച്ച ശീലങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്:
സമയത്തിനുള്ള കൃത്യമായ വിലമതിപ്പ്
അമേരിക്കയിൽ കൃത്യസമയ പാലനം പ്രൊഫഷണലിസത്തിന്റെ പ്രധാന ലക്ഷണമാണ്. യോഗങ്ങൾ സമയത്തിന് ആരംഭിക്കുകയും ഡെഡ്ലൈനുകൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. വൈകിയെത്തുന്നത് നിസ്സാരമായി കാണാറില്ലെന്നും ഇത് പരസ്പര വിശ്വാസം വളർത്തുമെന്നും അദ്ദേഹം പറയുന്നു.
മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ
ഇന്ത്യയിൽ സാധാരണ കണ്ടുവരാറുള്ള ‘പിന്നീട് നോക്കാം’ എന്ന ചിന്താഗതി അമേരിക്കയിൽ നടപ്പില്ല. യോഗങ്ങൾക്ക് മുൻപായി കൃത്യമായ തയ്യാറെടുപ്പുകൾ നടത്താനും ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരങ്ങൾ കണ്ടെത്താനും ആളുകൾ ശ്രദ്ധിക്കുന്നു.
വ്യക്തമായ ഉത്തരവാദിത്തങ്ങൾ
ഓരോ ജോലിയും ആരാണ് ചെയ്യേണ്ടതെന്നും അന്തിമ തീരുമാനങ്ങൾ ആരുടേതാണെന്നും കൃത്യമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നു. ജോലിയിൽ വ്യക്തമായ അക്കൗണ്ടബിലിറ്റി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.
വ്യക്തിപരമല്ലാത്ത, കൃത്യമായ ഫീഡ്ബാക്കുകൾ
ഒരാളെ അപമാനിക്കുന്നതിന് പകരമായി, അവരുടെ ജോലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലുള്ള ഫീഡ്ബാക്കുകളാണ് നൽകുന്നത്. പ്രധാനമായും വ്യക്തിഗത സംഭാഷണങ്ങളിലൂടെ നിർമ്മാണാത്മക വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നു.
കൃത്യസമയത്ത് പ്രവൃത്തിയിലേക്ക് കടക്കുക
ഒരു പദ്ധതിയുടെ എല്ലാ ഘടകങ്ങളും പൂർണമാകുന്നതുവരെ കാത്തുനിൽക്കാതെ വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ ജോലി ആരംഭിക്കുക എന്നതാണ് അവിടുത്തെ രീതി. പ്രവൃത്തി പുരോഗമിക്കുന്നതിനനുസരിച്ച് പ്ലാനുകളിൽ മാറ്റം വരുത്തുന്നു.
ഇതോടൊപ്പം ഇന്ത്യയിലെ തൊഴിൽ രീതികളെക്കുറിച്ചും അനുഷ്ക് പരാമർശിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും, പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് അവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ തെന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
