പുതിയൊരു നഗരത്തിലേക്ക് താമസം മാറുന്നത് തുടക്കത്തിൽ ആർക്കും ബുദ്ധിമുട്ടും ഒറ്റപ്പെടലും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ആദ്യം താൻ വെറുത്തിരുന്ന ബംഗളൂരു നഗരത്തോട് പിന്നീട് തോന്നിയ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടെയും ഹൃദയം തൊടുന്നത്.
റിയ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ബംഗളൂരുവിലെ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. പുതിയ നഗരങ്ങളിലേക്ക് ജോലിസ്ഥലത്തോ പഠനാവശ്യങ്ങൾക്കോ ആയി മാറിത്താമസിക്കേണ്ടി വരുന്ന നിരവധി ആളുകൾക്ക് റിയയുടെ വാക്കുകൾ ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.
താൻ ആദ്യമായി ബംഗളൂരുവിൽ എത്തിയപ്പോൾ ഈ നഗരത്തെ ഒരുപാട് വെറുത്തിരുന്നു എന്ന് റിയ തുറന്നു പറയുന്നു. നഗരത്തിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച് തനിക്ക് ഇവിടെ കൂട്ടുകാർ ആരും ഇല്ലാതിരുന്നതിനാലും, എവിടെയും അപരിചിതത്വം തോന്നിയതിനാലും ആയിരുന്നു അത്.
എന്നാൽ കാലക്രമേണ ഈ നഗരം തന്റെ മനസ്സിൽ അത്രമേൽ സ്വാധീനം ചെലുത്തിയതായി റിയ പറയുന്നു. ഇപ്പോൾ ബംഗളൂരു വിട്ട് മറ്റൊരിടത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് കഴിയില്ല. കൗതുകകരമായ കാര്യം, ഇപ്പോഴും തനിക്ക് ബംഗളൂരുവിൽ അധികം സുഹൃത്തുക്കൾ ഇല്ല എന്നതാണ്. ഒന്നോ രണ്ടോ സുഹൃത്തുക്കൾ മാത്രമാണുള്ളത്, അവരെപ്പോലും വളരെ അപൂർവ്വമായേ കാണാറുള്ളൂ.
താൻ ഒറ്റയ്ക്ക് പുറത്തുപോയ ഒരു സമയത്താണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. നമ്മൾ ജീവിക്കുന്ന ഓരോ വീട്ടിലും നഗരത്തിലും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗം ബാക്കിവെച്ചാണ് നമ്മൾ കടന്നുപോകുന്നത് എന്ന തിരിച്ചറിവിലാണ് റിയ വീഡിയോ അവസാനിപ്പിക്കുന്നത്.
സ്വന്തം നാടും സാഹചര്യങ്ങളും വിട്ട് പുതിയ നഗരങ്ങളിൽ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒട്ടനവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തുന്നത്. പുതിയൊരു നഗരത്തിലെ ഒറ്റപ്പെടലും, പിന്നീട് അറിയാതെ ആ നഗരത്തോട് തോന്നുന്ന ഇഷ്ടവുമെല്ലാം തങ്ങൾക്കും അനുഭവപ്പെട്ടിട്ടുണ്ടെന്ന് പലരും കമന്റ് ചെയ്തു
