തന്റെ കരിയറിലെ ഏറ്റവും മികച്ചതും ഇഷ്ടപ്പെട്ടതുമായ ജോലി, മേലുദ്യോഗസ്ഥന്റെ നിരന്തരമായ അവഗണന കാരണം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഒരു ഇന്ത്യൻ ഐടി ജീവനക്കാരൻ. പ്രൊജക്റ്റുകളുടെ അനുമതിയും റിവ്യൂകളും നൽകാതെ റിപ്പോർട്ടിംഗ് മാനേജർ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രാജ്യത്തിന് പുറത്ത് വലിയ ശമ്പളമുള്ള ജോലി ഓഫറുകൾ ഉണ്ടായിരുന്നിട്ടും, അത് നിരസിച്ചാണ് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ഈ പ്രൊജക്റ്റിൽ ഇയാൾ ചേർന്നത്. എന്നാൽ ജോലി ചെയ്യാനുള്ള തന്റെ ആഗ്രഹത്തിന് മാനേജർ വിലങ്ങുതടിയാകുന്നു എന്നാണ് ഈ ടെക്കിയുടെ പരാതി.
“എനിക്ക് ഈ ജോലി ഒത്തിരി ഇഷ്ടമാണ്. എന്നാൽ എനിക്കത് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം,” ജീവനക്കാരൻ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രൊജക്റ്റിന്റെ അനുമതിക്കായി ഞാൻ മാനേജരെ കാത്തിരിക്കുകയാണ്. മീറ്റിംഗുകൾ നിരന്തരം മാറ്റിവെക്കുന്നു. പ്രൊജക്റ്റിന്റെ അടിയന്തിരാവസ്ഥ പ്രമാണിച്ച് മാനേജർ തന്നെ നേരിട്ട് അർദ്ധരാത്രി 12 മണിക്ക് ഒരു മീറ്റിംഗ് നിശ്ചയിച്ചിരുന്നു. ഉറക്കമിളച്ച് ഞാൻ കാത്തിരുന്നിട്ടും അദ്ദേഹം മീറ്റിംഗിന് വന്നില്ല. ഒരു ഫോൺ കോളോ, എന്റെ സന്ദേശങ്ങൾക്ക് മറുപടിയോ നൽകിയതുമില്ല.”
തനിക്ക് എഡിഎച്ച്ഡി എന്ന അവസ്ഥയുണ്ടെന്നും, പ്രൊജക്റ്റ് തീർക്കാനുള്ള അവസാന തീയതി അടുത്തെത്തിയിട്ടും മാനേജരുടെ ഭാഗത്തുനിന്നുള്ള ഈ അവഗണന തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു എന്നും ഇയാൾ വ്യക്തമാക്കുന്നു. ആരുടെയും കാര്യങ്ങളിൽ ഇടപെടാതെ, ഓഫീസ് രാഷ്ട്രീയത്തിൽ പങ്കാളിയാകാതെ സ്വന്തം ജോലി കൃത്യമായി ചെയ്യാൻ ആഗ്രഹിക്കുന്ന തനിക്ക്, ജോലി ചെയ്യാൻ വേണ്ടി മറ്റൊരാളുടെ മുന്നിൽ യാചിക്കേണ്ടി വരുന്നത് സഹിക്കാനാവുന്നില്ലെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.
ഇനി ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ജോലിയിൽ തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജീവനക്കാരൻ കമ്പനിയുടെ തലവന് നേരിട്ട് സന്ദേശമയച്ചു. ജോലി ചെയ്യാൻ താത്പര്യമില്ലാത്തത് കൊണ്ടല്ല, മറിച്ച് ഡെഡ്ലൈനുകൾ അടുക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ കാണാതാകുന്ന ഇത്തരം ഒരു അന്തരീക്ഷത്തിൽ തന്റെ ഉത്പാദനക്ഷമത ഇല്ലാതാകുന്നത് കൊണ്ടാണ് ഈ തീരുമാനമെന്ന് ഇയാൾ അറിയിച്ചിട്ടുണ്ട്. ഈ ജീവനക്കാരന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
