കാസർകോട്: പുതിയ ജോലിക്ക് വിദേശത്തേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുമ്പള സ്വദേശിയായ അബു താഹിർ ആണ് അറസ്റ്റിലായത്. 2022-നും 2023-നും ഇടയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിവാഹിതനായ അബു താഹിറിന് രണ്ട് കുട്ടികളുണ്ട്. ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്.
അബു താഹിറും കുടുംബവും വിദ്യാനഗറിൽ ഇരയായ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാലത്താണ് അതിക്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് ഇപ്പോൾ 19 വയസാണ് പ്രായം എങ്കിലും പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ എന്തോ സംശയം തോന്നി. ഉടൻതന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് അബു താഹിറുമായുള്ള ചാറ്റുകളും കോൾ റിക്കാർഡുകളും കണ്ടെത്തിയത്. ഇതോടെ സംശയം ബലപ്പെട്ട വീട്ടുകാർ കുട്ടിയെ പ്രൊഫഷണൽ കൗൺസിലിംഗിന് വിധേയയാക്കി. കൗൺസിലിംഗിനിടയിലാണ് താൻ നേരിട്ട കടുത്ത ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞത്.
