ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് 5 മിനിറ്റ് നീണ്ട കുളി കാരണം ലഭിച്ചത് $1,800 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.30 ലക്ഷം രൂപ) പിഴ. കുളിക്കുന്നതിനിടെ മുറിയിലുണ്ടായ ആവി ഫയർ അലാറം പ്രവർത്തിപ്പിച്ചതാണ് ഈ വലിയ തുക പിഴയായി ലഭിക്കാൻ കാരണമായത്.
ഇൻസ്റ്റാഗ്രാമിൽ വമിത എന്ന യുവതി പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ അപൂർവ്വ അനുഭവം പുറംലോകമറിഞ്ഞത്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ പെട്ടെന്ന് ഫയർ അലാറം മുഴങ്ങുകയായിരുന്നു. കെട്ടിടത്തിൽ തീപിടുത്തമുണ്ടാകുമ്പോൾ നടത്തുന്ന മാക്ക് ഡ്രിൽ (Fire drill) ആണെന്നാണ് യുവതി ആദ്യം കരുതിയത്.
എന്നാൽ അൽപസമയത്തിനകം ബിൽഡിംഗ് മാനേജർ മുറിയിലെത്തുകയും, ഫയർ അലാറം അടിച്ചത് യുവതിയുടെ ഫ്ലാറ്റിൽ നിന്നാണെന്ന് കണ്ടെത്തുകയുമായിരുന്നു. കുളിക്കുമ്പോൾ എക്സോസ്റ്റ് ഫാൻ (Exhaust fan) പ്രവർത്തിപ്പിക്കാതിരുന്നതാണ് വാഷ്റൂമിൽ നിന്ന് ഉയർന്ന ആവി ഫയർ അലാറം സെൻസറിലേക്ക് എത്താൻ കാരണമായത്.
“ആരെങ്കിലും വാഷ്റൂമിന് തൊട്ടുവെളിയിൽ ഫയർ അലാറം വെക്കുമോ?” എന്ന് ചോദിച്ചുകൊണ്ടാണ് യുവതി തനിക്ക് നേരിട്ട സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വീഡിയോയിൽ സംസാരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അലാറം സെൻസറിന്റെ അമിതമായ സെൻസിറ്റിവിറ്റിയും അതിന്റെ സ്ഥാനവും പരിശോധിക്കേണ്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, വിദേശ രാജ്യങ്ങളിൽ ഫയർ അലാറം അനാവശ്യമായി പ്രവർത്തിപ്പിച്ച് ഫയർഫോഴ്സ് എത്തേണ്ടി വന്നാൽ വലിയ തുക സർവീസ് ചാർജായി നൽകേണ്ടി വരുമെന്ന് മറ്റുള്ളവരും ഓർമിപ്പിച്ചു.
