ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് അപരിചിതനായ ഒരാൾ കാട്ടിയ സ്നേഹവും കരുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നു. കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട്, തനിക്ക് ലഭിക്കേണ്ടിയിരുന്ന വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ച് സൗകര്യം ഇവർക്കായി വിട്ടുനൽകുകയായിരുന്നു ഈ യുവാവ്.
ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ ലോഞ്ചിൽ പ്രവേശിക്കാൻ രണ്ട് കാർഡുകൾ ആവശ്യമായിരുന്നുവെങ്കിലും, യാത്രക്കാരനായ യുവാവിന്റെ ഭാര്യ ശ്രേയയുടെ പേഴ്സ് വീട്ടിൽ മറന്നുവെച്ചതിനാൽ ഇവരുടെ കൈവശം ഒരു കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരനായ വ്യക്തി ഈ അനുഭവം പങ്കുവെച്ചത്. തങ്ങൾ ലോഞ്ചിൽ കയറാൻ അനുവാദം ചോദിക്കുന്ന സമയത്താണ് തൊട്ടടുത്ത് മറ്റൊരു യുവാവും അവിടെ എത്തിയത്. എന്നാൽ ഈ കുടുംബത്തോടൊപ്പം ‘വേദ’ എന്ന ചെറിയ കുഞ്ഞുണ്ടെന്നും, തന്നേക്കാൾ കൂടുതൽ ഈ സൗകര്യം ആവശ്യമുള്ളത് അവർക്കാണെന്നും മനസ്സിലാക്കിയ ആ അപരിചിതൻ, തന്റെ പ്രവേശന അനുമതി ഈ കുടുംബത്തിന് നൽകുകയായിരുന്നു. താൻ പുറത്ത് കാത്തിരിക്കാമെന്നും കുടുംബത്തോട് ലോഞ്ചിലേക്ക് പ്രവേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്ക് വെറുതെ സമയം കളയാൻ വേണ്ടി മാത്രമാണ് ലോഞ്ച് ആവശ്യമെന്നും, എന്നാൽ ചെറിയ കുഞ്ഞുള്ളതുകൊണ്ട് ഈ കുടുംബത്തിന് അവിടെയായിരിക്കും കൂടുതൽ സൗകര്യമെന്നും ആ അപരിചിതൻ പറഞ്ഞതായി യാത്രക്കാരൻ വീഡിയോയിൽ വ്യക്തമാക്കുന്നു. ആ യുവാവ് കാണിച്ച വലിയ മനസ്സ് തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ മനുഷ്യത്വത്തിലും കാരുണ്യത്തിലുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കാൻ സഹായിക്കുന്നു എന്ന് പലരും കമന്റ് ചെയ്തു. “ഈ ലോകത്ത് ഇപ്പോഴും നല്ല മനുഷ്യർ ജീവിച്ചിരിപ്പുണ്ടെന്ന് ഇത് കാണിച്ചുതരുന്നു” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “നല്ല ആളുകൾക്ക് എപ്പോഴും നല്ലതുമാത്രമേ സംഭവിക്കൂ” എന്നാണ് മറ്റൊരു വ്യക്തി പ്രതികരിച്ചത്.
