കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം, ഓഫീസിൽ മറന്നുവെച്ച ലാപ്ടോപ്പ് തിരിച്ചെടുക്കാൻ ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്ന തന്റെ ദുരിതാനുഭവം പങ്കുവെച്ച് യുവതി. മുംബൈ സ്വദേശിയും മാർക്കറ്റിംഗ് പ്രൊഫഷണലുമായ ഇഹിന ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഓരോ വർഷവും മുംബൈ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ചും മഴക്കാല ദുരിതങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.
മഴ കനത്തതോടെ ഇഹിന ജോലി ചെയ്യുന്ന കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തലേദിവസം ഓഫീസ് സമയം കഴിഞ്ഞ് ഇറങ്ങുമ്പോൾ താൻ ലാപ്ടോപ്പ് ഓഫീസിൽ തന്നെ മറന്നുവെച്ച കാര്യം ഇഹിന വൈകിയാണ് തിരിച്ചറിഞ്ഞത്. നഗരവാസികൾ മുഴുവൻ യാത്രകൾ ഒഴിവാക്കി വീടുകളിൽ സുരക്ഷിതമായി ഇരുന്നപ്പോൾ, തനിക്ക് ലാപ്ടോപ്പ് എടുക്കാനായി കനത്ത മഴയത്ത് കാറോടിച്ച് ഓഫീസിലേക്ക് പോകേണ്ടി വന്നുവെന്ന് ഇഹിന കുറിച്ചു.
ഒരു മണിക്കൂർ നീണ്ട ദുഷ്കരമായ യാത്രയ്ക്കൊടുവിൽ ആളൊഴിഞ്ഞ ഓഫീസിൽ എത്തിയ ഇഹിന, വെറും മൂന്ന് മിനിറ്റിനുള്ളിൽ ലാപ്ടോപ്പും വാങ്ങി തിരികെ കാറിലേക്ക് കയറി. മുംബൈയിലെ മഴക്കാലം വെറുമൊരു പെയ്ത്തല്ലെന്നും, വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി അറിയാത്തതുപോലെ നഗരം ഒന്നടങ്കം അഭിനയിക്കുന്ന ഒരു വാർഷിക അടച്ചുപൂട്ടലാണെന്നും അവർ പരിഹസിച്ചു. റോഡുകളിലെ വെള്ളക്കെട്ടും, ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നതും, അവസാന നിമിഷം മാത്രം വരുന്നവർക്ക് ഫ്രം ഹോം നിർദേശങ്ങളും മുംബൈയിലെ സ്ഥിരം കാഴ്ചയാണെന്ന് ഇഹിന ചൂണ്ടിക്കാണിക്കുന്നു.
ജൂണിൽ മഴയെത്തുമെന്നും ജൂലൈയിൽ അത് കൂടുതൽ കടുക്കുമെന്നും എല്ലാവർക്കും അറിയാമെങ്കിലും, എല്ലാ വർഷവും നഗര അധികൃതർ ഒരു തയ്യാറെടുപ്പുമില്ലാതെ അപ്രതീക്ഷിതമായി പെട്ടുപോയതുപോലെയാണ് പെരുമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവെക്കുന്നതിനൊപ്പം, മുംബൈയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ കഠിനാധ്വാനത്തെക്കുറിച്ചും ഇഹിന ഓർമ്മിപ്പിച്ചു. തനിക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ടെങ്കിലും, ലോക്കൽ ട്രെയിനുകളിലും ബൈക്കുകളിലും കനത്ത മഴയെ വകവെക്കാതെ ദിവസവും ജോലിക്ക് പോകുന്ന ദശലക്ഷക്കണക്കിന് മുംബൈക്കാരുടെ അവസ്ഥ ഇതല്ല. ഇതൊരു ശീലമല്ല , മറിച്ച് ജീവിക്കാൻ വേണ്ടി അവർക്ക് മുന്നിലുള്ള ഒരേയൊരു മാർഗ്ഗമാണെന്നും ഇഹിന കുറിച്ചു.
ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഈ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയുടെ അതിജീവന ശേഷിയെ പുകഴ്ത്തുന്നതിന് പകരം, നഗരത്തിലെ മോശം അടിസ്ഥാന സൗകര്യങ്ങളെ ചോദ്യം ചെയ്യുകയാണ് അധികൃതർ ചെയ്യേണ്ടതെന്ന് പലരും കമന്റ് ചെയ്തു, “ഇന്ന് എനിക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്” എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, “എല്ലാ വർഷവും മഴ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്” എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
