തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി അംഗം നിഖിൽ പൈലി.
യുഡിഎഫ് സർക്കാർ മാനേജ്മെന്റ് ക്വോട്ടയിൽ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുത്താൽ അത് ചോദ്യം ചെയ്യും. വി.ഡി. സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണയുമായാണ് ഡിസിസി അംഗം നിഖിൽ പൈലി രംഗത്തുവന്നത്.
ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം.
10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960ൽ കെഎസ്യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും ഡിസിസി അംഗം നൽകി.
