മുംബൈ: പതിനേഴു വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്.
സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
