തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില്‍ വിട്ടു വീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ സിപിഐ. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് സിപിഐ കടന്നിരിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവ് കെ. രാജനും പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ് ചോദിച്ചതെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നോക്കാമെന്ന മറുപടിയാണ് കെ. രാജന് നല്‍കിയത്. ബിനോയ് വിശ്വും പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടില്ല.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഈ വിഷയം ഇന്ന് ചര്‍ച്ചയാകും. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. സിപിഎം ദേശീയ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അതേ സമയം സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്കാന് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് കടുത്ത എതിര്‍പ്പ്.
സിപിഎമ്മിന് എതിര്‍പ്പില്ലെന്നും പിണറായിയുടെ എതിര്‍പ്പ് വകവച്ചു കൊടുക്കാനാകില്ലെന്നുമുള്ള നിലപാടാണ് സിപിഐ നേതാക്കള്‍ക്കുള്ളത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സിപിഎമ്മിനായിരിക്കുമെന്ന് പിണറായി വ്യക്തമാക്കിയതാണ് സിപിഐയെ കൂടുതല്‍ ചൊടിപ്പിച്ചത്.
