തച്ചങ്കരി പടിയിറങ്ങിയതോടെ യൂണിയന്‍കാര്‍ പണി തുടങ്ങി ! ജോലിയ്ക്കു വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു; പഴയ പാമ്പുകള്‍ തലപൊക്കുമ്പോള്‍ കെഎസ്ആര്‍ടിസി വീണ്ടും അരക്ഷിതാവസ്ഥയില്‍…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍വ അടവും പയറ്റിനോക്കിയ ശേഷമാണ് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങിയത്. എന്നാല്‍ തച്ചങ്കരിയുടെ വിടവാങ്ങലിനു തൊട്ടുപിന്നാലെ തന്നെ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം യൂണിയന്‍കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ കട്ടായം പറയുകയും ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിന് ശേഷമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്.

തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍ സമരം മൂലമുള്ള നഷ്ടം യൂണിയന്‍ നേതാക്കളുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മുന്‍ സിഎംഡിയുടെ തീരുമാനങ്ങള്‍ യൂണിയനുകള്‍ എതിര്‍ത്തിരുന്നു. തച്ചങ്കരി പടിയിറങ്ങിയതോടെ കാര്യങ്ങളെല്ലാം പഴയ പടി ആയിരിക്കുകയാണ്.

Related posts