മങ്കൊമ്പ്: മണിക്കൂറുകള്‍ ബോട്ടിലും വള്ളത്തിലും സഞ്ചരിച്ച് കുട്ടനാട്ടുകാരന് അവസാനത്തെ ആളായി മാറുന്ന സ്ഥിതി ഒഴിവാക്കുന്നതിനായിരുന്നു എംഎല്‍എ എന്ന നിലയില്‍ താന്‍ പ്രഥമ പരിഗണന നല്‍കിയതെന്ന് ഡോക്ടര്‍ കെ.സി.ജോസഫ്.
.വികസനത്തിലേക്ക് ഒരു നാടിനെ കൈപിടിച്ചു കയറ്റാന്‍ റോഡുകള്‍ അനിവാര്യമാണ്. 1982ല്‍ എംഎല്‍എ ആയി എത്തിയതു മുതല്‍ 2006വരെ റോഡ് കണക്ടിവിറ്റിക്കു മുന്‍തൂക്കം നല്കിക്കൊണ്ടാണു പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
ആഗോള താപനവും തല്‍ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റവും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന പ്രദേശമായതിനാല്‍, കുട്ടനാടിന്റെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടനാട് ഉള്‍പ്പെടുന്ന വേമ്പനാട് കോള്‍ റംസാര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു. അന്താരാഷ്ട്ര പ്രധാന്യമുള്ള ഹെറിറ്റേജ് സിസ്റ്റമായും കുട്ടനാടിനെ അംഗീകരിച്ചിട്ടുണ്ട്.കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുള്ള പ്രദേശമാണെന്നും പറയുന്നു. എന്നാല്‍ ഇവയൊന്നും കുട്ടനാടിന്റെ സമൃദ്ധിയ്ക്കോ സുരക്ഷയ്ക്കോ ഇതുവരെ പ്രയോജനപ്പെട്ടിട്ടില്ല. കാര്‍ഷിക മേഖലയുടെ ആധുനികവല് ക്കരണം, ടൂറിസം തുടങ്ങിയവയിലും ആവശ്യമായ മുന്‍കൈ ഉണ്ടാകുന്നില്ല.
മലിനീകരണവും കൂടിവെള്ളക്ഷാമവും പരാതികളില്‍ ഒതുങ്ങുകയാണ്. നാടിന്റെ പ്രശ്നങ്ങളൊന്നൊന്നായി ചൂണ്ടിക്കാട്ടിയ ഡോക്ടര്‍, 2050ലെങ്കിലുംസമൃദ്ധിയും സുരക്ഷയും നിറഞ്ഞു നില്ക്കുന്ന ഒരു നവ കുട്ടനാട്, ലോകത്തിന് മാതൃകയായി ഉയര്‍ന്നു വരണമെന്നുള്ള തന്റെ സ്വപ്നവും വേദിയില്‍ പങ്കുവച്ചു. തീവ്രമായ ആഹ്രത്തിനൊപ്പം, ഒത്തൊരുമയും കഠിനാധ്വാനവുമൊക്കെ ഉണ്ടായാല്‍ കുട്ടനാടന്‍ ജനതയ്ക്കു ലക്ഷ്യം നേടാനാവുമെന്ന പ്രത്യാശയും ഡോക്ടര്‍ പങ്കുവച്ചു.
ജലം സമ്പത്താണെങ്കിലും നിരന്തരം ജലത്താല്‍ മുറിവേല്പ്പിക്കപ്പെടുന്ന കുട്ടനാട്ടുകാരുടെ ദുരവസ്ഥ പരിഹരിക്കാന്‍ മദ്ധ്യ തിരുവിതാംകൂര്‍ നദീതട അതോറിറ്റി രൂപീകരിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ജനവാസമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ‘റും ഫോര്‍ റിവര്‍’ ഒരുക്കണം. വെള്ളത്തെപ്പേടിച്ച് ജനങ്ങള്‍ പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥ ഉണ്ടാകരുത്. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുമായി ബന്ധപ്പെട്ട അസാധാരണ സംഭവ വികാസങ്ങളാണ് കുട്ടനാടിന് ഭീഷണയാകുന്നത്.
പ്രളയം മാത്രമല്ല, വെള്ളക്കെട്ടും, ജല മലിനീകരണവുമെല്ലാം പ്രശ്നങ്ങളാണ്. ഡാമുകള്‍ തുറന്ന് വിടുന്നതുള്‍പ്പെടെ ഒരു കേന്ദ്രീകൃത ജല മാനേജ്മെന്റ് സംവിധാനം പ്രവര്‍ത്തിപ്പി ക്കുന്നതിനും, തോട്ടപ്പള്ളി സ്പില്‍വെ ഫലപ്രദമായി പുനര്‍നിര്‍മ്മിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും, ഡച്ച് മോഡലില്‍ ആര്ക്ക മിഡീസ് സ്ക്രൂപോലെയുള്ള പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് പ്രളയജലം കടലിലേയ്ക്ക് പുറം തള്ളുന്നതിനുമെല്ലാം വിശാലമായ നദീതട അതോറിറ്റി ആവശ്യമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
കുട്ടനാട്ടിലെ റോഡ് നെറ്റ്വര്‍ക്ക് പൂര്‍ണ്ണമാക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.സംസ്ഥാന ബഡ്ജറ്റിനെയും തൊഴില്‍ദാന പദ്ധതികളെയും മറ്റും പ്രയോജനപ്പെടുത്തിയാണ് തന്റെ കാലത്ത് റോഡ് നിര്‍മ്മാണം നടത്തിയത്. പാലങ്ങള്‍ക്ക് ഫണ്ട് കിട്ടാന്‍ പ്രയാസമായിരുന്നു. ആംബുലന്‍സ് പാലങ്ങളുടെയും ഗോവണി പാലങ്ങളുടെയും സ്ഥാനത്ത് പുതിയ പാലങ്ങള്‍ പണിയണം. സാങ്കേതിക വിദ്യ ഇന്നത്തെപ്പോലെ വികസിതമല്ലായിരുന്ന അക്കാലത്ത് എം.എല്‍.എ ഫണ്ടോ കിഫ്ബി ഫണ്ടോ ഒന്നും സങ്കല്പിക്കാന് പോലും കഴിയുമായിരുന്നില്ലെങ്കിലും, കുട്ടനാട്ടുകാരുടെ ഇച്ഛാശക്തികൊണ്ട് പല പ്രതിബന്ധങ്ങളേയും അതിജീവിക്കാനായെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുട്ടനാട്ടില്‍ റോഡ് നിര്‍മ്മാണ ചെലവ് വളരെ കൂടുതലാണെങ്കിലും, മാറി മാറി വന്ന സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും സൗജന്യ മായി സ്ഥലം വിട്ടു തന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തൊഴിലാളി കളുടെയും, കരാറുകാരുടെയുമെല്ലാം സഹകരണം നിര്‍ലോഭമായി ലഭിച്ചെന്നത് അദ്ദേഹം നന്ദിപൂവ്വം സ്മരിച്ചു. കുട്ടനാടിന്റെ ഭൂപ്രകൃതി തന്നെ മാറ്റിയ റോഡ് കണക്ടിവിറ്റി സാധ്യമായെങ്കിലും ബഹുദൂരം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു.
എല്ലാ പാടശേഖരങ്ങളെയും റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കണമെന്നും പാടശേഖരങ്ങള്‍ക്ക് ചുറ്റും ബണ്ട് റോഡുകളും പാടശേഖരങ്ങള്‍ക്കുള്ളില്‍ ഫാം റോഡുകളും അനിവാര്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പട്ടിണിയാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമെന്ന്, റിയോ ഉച്ചകോടിയില്‍ തുറന്നടിച്ച ഇന്ദിരാഗാന്ധിയുടെ വീക്ഷണത്തിന്റെ പ്രസക്തിയും ഡോക്ടര്‍ എടുത്തു പറയുകയുണ്ടായി.
കുട്ടനാടിന്റെ പ്രധാന ജീവനാഢികളെന്നു വിശേഷിപ്പിക്കാനാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും അമ്പലപ്പുഴ-തിരുവല്ല റോഡും നാലുവരിയാക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ അടിസ്ഥാനനിര്മ്മിതി പാടശേഖരങ്ങളായതിനാല്‍, സംയോജിത കൃഷി, ടൂറിസം, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം, മറ്റ് കാര്‍ഷികേതര തൊഴിലുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ പാടശേഖരപ്രദേശങ്ങളെ പുന: സംവിധാനം ചെയ്ത് സുരക്ഷിതജീവിതത്തിനുപയുക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. കുട്ടനാടിന്റെ സവിശേഷ സാഹചര്യങ്ങള്‍ പരിഗണിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഭൂപരിഷ്കരണ നിയമം ഭേദഗതിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കു നല്കിയ ആദരം കുട്ടനാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള ആദരവാണെന്നു വ്യക്തമാക്കിയ ഡോക്ടര്‍, നാടിന്റെ ഒരുമ കുട്ടനാടിന്റെ ഭാവി വികസനത്തിനുള്ള ചാലക ശക്തിയായി മാറട്ടെയെന്ന് ആഹ്വാനം ചെയ്തു.
ഇരുപത്തിനാലു വര്‍ഷക്കാലം കുട്ടനാടിനെ കേരളനിയമസഭയില്‍ പ്രതിനിധീകരിച്ച ഡോക്ടര്‍ കെസിജോസഫിനെ മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കുട്ടനാടന്‍ പൗരാവലി ആദരിച്ചു. പ്രമുഖരുടെ നീണ്ടനിര ചടങ്ങില്‍ സന്നിഹിതരായിരുന്നു
