സൂപ്പർ സ്റ്റാർ രജനികാന്ത് തന്റെ ആരാധകരെ കാണാനെത്തിയതിന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. രജനി നായകനായെത്തുന്ന പുതിയ ചിത്രം ‘ധർമന്റെ’ ലൊക്കേഷനിൽ ആണ് തന്നെ കാണാനെത്തിയ ആരാധകർക്ക് മുന്നിൽ താരമെത്തിയത്. മൈസൂരിലെ സെറ്റിൽ വച്ചായിരുന്നു സംഭവം.
സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷയിലാണ് രജനികാന്ത് വന്നിറങ്ങിയത്. മെറൂൺ നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ രജനികാന്ത്, ഷൂട്ടിങ് സെറ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു.
രജനികാന്ത് ചിത്രം ‘ബാഷ’യിലെ ‘നാ ഓട്ടോക്കാരൻ….’ എന്ന പാട്ട് പങ്കുവച്ചാണ് സൂപ്പർ സ്റ്റാറിന്റെ പുതിയ വിഡിയോ ആരാധകർ ആഘോഷമാക്കുന്നത്. അശ്വത് മരിമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ മൈസൂരിൽ പുരോഗമിക്കുകയാണ്.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ടർമറിക് മീഡിയയുടെ ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഡോക്ടറായാണ് രജനികാന്ത് എത്തുന്നത്. ഓപ്പറേഷൻ തിയറ്ററിൽ ഒരു സർജിക്കൽ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേൽ കാൽ വെച്ചുനിൽക്കുന്ന രജനികാന്തിന്റെ ലുക്കാണ് ടൈറ്റിൽ പോസ്റ്ററിൽ കാണാനാകുന്നത്.
