റോം: ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചത്തെ ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിന്റെ പ്രവർത്തനം വീണ്ടെടുക്കൽ പാതയിലാണെന്ന് ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. മാർപാപ്പയുടെ പേഴ്സണൽ ഡോക്ടർ ലൂയിജി കാർബോണ, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്രഫ. സ്റ്റെഫാനോ മാർഗരിറ്റോറ എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ആശ്വാസകരമായ ഈ വിവരങ്ങളുള്ളത്.
ഇന്നലെ നടത്തിയ രക്തപരിശോധന, നെഞ്ചിന്റെ എക്സ് റേ എന്നിവയുടെ ഫലങ്ങൾ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന മാർപാപ്പ, ഫിസിയോതെറാപ്പി സെഷന്റെ ഭാഗമായി ശാരീരിക വ്യായാമങ്ങളിലും സജീവമായി പങ്കെടുത്തു.
ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലാണ് മാർപാപ്പ ഇപ്പോൾ കഴിയുന്നത്. ആശുപത്രിയിൽ സജ്ജീകരിച്ച താത്കാലിക ചാപ്പലിൽ അദ്ദേഹം ഇന്നലെ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു.
ആശുപത്രിയിൽനിന്ന് ഔദ്യോഗിക ഉത്തരവുകൾ
ആശുപത്രിയിൽ കഴിയുമ്പോഴും വത്തിക്കാന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നുണ്ട്. ബ്രസീലിലെ പോണ്ട ഡി പെഡ്രാസ് ബിഷപ്പായി ഇറ്റാലിയൻ വൈദികൻ ഫാ. പൗലോ ആൻഡ്രിയോളിയെയും ചൈനയിലെ ഹൈമെൻ ബിഷപ്പായി ഫാ. ഇഗ്നേഷ്യസ് ഡിംഗ് സുയാവോയെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവുകളിൽ മാർപാപ്പ ആശുപത്രിയിൽ വച്ച് ഒപ്പുവച്ചു. വത്തിക്കാനിലെ വിവിധ മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സന്ദർശന പരിപാടിയുമായി മുന്നോട്ടെന്ന് വത്തിക്കാൻ
അതേസമയം, നവംബർ ആറു മുതൽ 17 വരെ ഉറുഗ്വെ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കു നിശ്ചയിച്ചിട്ടുള്ള യാത്രയുമായി മുന്നോട്ടുപോകാനാണ് മാർപാപ്പയുടെ തീരുമാനമെന്ന് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി വ്യക്തമാക്കി. എന്നാൽ, മാർപാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പെറു സന്ദർശന തീയതികളിൽ മാറ്റം വന്നേക്കാമെന്ന് പെറുവിയൻ പ്രസിഡന്റ് കീക്കോ ഫുജിമോരി വ്യക്തമാക്കി.
സ്നേഹവും പ്രാർഥനയും അറിയിച്ച് ട്രംപും വാൻസും
മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ആശംസിച്ചു. ഫ്ലോറിഡയിൽ താമസിക്കുന്ന മാർപാപ്പയുടെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റ് തന്റെ സുഹൃത്താണെന്ന് ട്രംപ് ഓർത്തെടുത്തു.
“”ഞങ്ങളുടെ കുടുംബം ലെയോ പതിനാലാമൻ മാർപാപ്പയുടെ പൂർണ ആരോഗ്യത്തിനായി പ്രാർഥിക്കുന്നത് തുടരുന്നു. ദശലക്ഷക്കണക്കിന് അമേരിക്കൻ ക്രൈസ്തവരുടെ പ്രാർഥന അദ്ദേഹത്തോടൊപ്പമുണ്ട്’’-വാൻസ് എക്സിൽ കുറിച്ചു.
പ്രാർഥനാസഹായം അഭ്യർഥിച്ച് മാർപാപ്പ
റോമിലെ ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ, വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക പ്രബോധനമായ ‘അമോരിസ് ലെതീഷ്യ’യുടെ (സ്നേഹത്തിന്റെ ആനന്ദം) പത്താം വാർഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിൽ തനിക്കായി പ്രാർഥിക്കണമെന്ന് അഭ്യർഥിച്ചു. “”എനിക്കായി പ്രാർഥിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, ഞാൻ നിങ്ങൾക്കായും പ്രാർഥിക്കുന്നു”-സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. കുടുംബങ്ങളെ സഭയുടെ ദൈനംദിന പ്രവർത്തനങ്ങളിലും സുവിശേഷ പ്രചാരണത്തിലും സജീവമായി പങ്കാളികളാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഏഴുമുതൽ മുതൽ 14 വരെ വത്തിക്കാനിൽ നടന്ന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്, മാർപാപ്പയ്ക്കുവേണ്ടി കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ വിശുദ്ധ കുർബാന അർപ്പിച്ചു.
