വത്തിക്കാൻ സിറ്റി: ആയുധമത്സരം മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ ചതിക്കുഴിയാണെന്നും ആയുധശേഖരത്തിനായുള്ള അനിയന്ത്രിതമായ നിക്ഷേപങ്ങൾ പാവപ്പെട്ടവരെയാണ് ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നതെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അജപാലന ഭരണഘടനയായ ‘ഗൗദിയം എത് സ്പെസ്’ അഞ്ചാം അധ്യായത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. 1965 ഡിസംബർ ഏഴിന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പ പുറപ്പെടുവിച്ച ഈ രേഖ ഉദ്ധരിച്ചുകൊണ്ട്, ആയുധമത്സരം പാവപ്പെട്ടവരെ അസഹനീയമായ വിധത്തിൽ കുരുക്കിലാക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ മത്സരം തുടർന്നാൽ അത് വഴിയൊരുക്കുന്ന മാരകമായ സർവനാശത്തിലേക്കുതന്നെ ലോകത്തെ നയിക്കുമെന്ന കൗൺസിലിന്റെ മുന്നറിയിപ്പും ലെയോ മാർപാപ്പ ആവർത്തിച്ചു.
ഇന്നത്തെ കാലത്ത് ഈ വാക്കുകൾ പ്രവചനസ്വഭാവമുള്ളതും അടിയന്തര പ്രാധാന്യമുള്ളതുമാണെന്ന് മാർപാപ്പ പറഞ്ഞു. കൊല്ലപ്പെടുന്നതും അംഗവൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെയും തകർക്കപ്പെടുന്ന കുടുംബങ്ങളുടെയും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെയും നിലവിളിയാണ് ലോകനേതാക്കൾക്കു മുന്നിലുള്ള ഈ മുന്നറിയിപ്പ് -അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ആധുനിക യുദ്ധങ്ങളുടെ സ്വഭാവം മാറ്റിമറിച്ചതായി തന്റെ ആദ്യ ചാക്രികലേഖനമായ ‘മഞ്ഞിഫിക്ക ഹുമാനിത്താസ്’ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ മുന്നറിയിപ്പ് നൽകി. സമാധാനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സഹകരണത്തിലും സംവാദത്തിലും അധിഷ്ഠിതമായ ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമം കെട്ടിപ്പടുക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
