കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ യഹൂദ ആരാധനാലയമായ കടവുഭാഗം സിനഗോഗിനു മുന്നിലെ തീവയ്പുകേസ് പ്രതി എബിന് പോളുമായി പൊലിസ് ഇന്നലെ തെളിവെടുപ്പു നടത്തി. സിനഗോഗിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. സിനഗോഗിനു മുന്നില്‍ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോട് വിശദീകരിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു തെളിവെടുപ്പ്. അവധിദിവസമായതിനാല്‍ മാര്‍ക്കറ്റിനകത്ത് തിരക്കുണ്ടാകില്ലെന്നു കണ്ടാണ് തെളിവെടുപ്പ് ഇന്നലെ നടത്തിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ പൊലിസ്, എബിന് തീയിട്ട സിനഗോഗിനു മുന്നിലെ ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയിലായിരുന്നു തെളിവെടുപ്പു നടത്തിയത്. ബാനറുകളും ഫ്ലക്സുകളുമുള്പ്പടെ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോടു വിശദീകരിച്ചു. 20 അംഗ അന്വേഷണസംഘത്തിന്റെ തലവന്‍ എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോമിന്റെ നേതൃത്വത്തിലായിരുന്നു പത്തു മിനിറ്റ് മാത്രം നീണ്ട തെളിവെടുപ്പ്.
പൊലിസിനെ വട്ടംകറക്കി പ്രതി
ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ പ്രതി എബിന് പോള്‍ പൊലിസിനെ വട്ടം കറക്കുകയാണ്. ബോസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് എബിന് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയെങ്കിലും ഇതാരാണെന്നു സ്ഥിരീകരിക്കാന്‍ പൊലിസിനായിട്ടില്ല. ബോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്‍കാതെയാണ് പ്രതി ഒഴിഞ്ഞുമാറുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല എന്ന മറുപടിയാണ് ഇയാള്‍ നല്‍കുന്നത്. ബോസിനോട് എകെ 47 ഉള്‍പ്പടെ ആയുധങ്ങള്‍ ആവശ്യപ്പെടുന്ന ചാറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ അജ്ഞാത ടെലിഗ്രാം ചാറ്റുകളെക്കുറിച്ച് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ടെലിഗ്രാം കമ്പനിക്ക് പൊലിസ് കത്തയച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ തീയിട്ടതിന് 5,000 രൂപയും സിനഗോഗിനു മുന്നില്‍ തീയിട്ടതിന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയും ഇയാള്‍ സ്വീകരിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.
മൂവാറ്റുപുഴയിൽ എത്തിച്ചും തെളിവെടുപ്പ്
മൂവാറ്റുപുഴ: എബിന് പോളിനെ മൂവാറ്റുപുഴയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. സിനഗോഗിനു പുറമെ ഇയാള്‍ മാസങ്ങള്‍ക്കുമുന്‍പ് തീവച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിലും പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലും തീ കൊടുക്കാനുള്ള ലൈറ്റര്‍ വാങ്ങിയ പുത്തന്‍കുരിശിലെ കടയിലും പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പുകളിലും വാളകം അമ്പലംപടിയില്‍ തീയിട്ട വീട്ടിലും എത്തിച്ച് തെളിവെടുത്തു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വന്‍ പൊലിസ് സംഘത്തിന്റെ അകന്പടിയോടെയായിരുന്നു തെളിവെടുപ്പ്. സിനഗോഗിലും തൃപ്പൂണിത്തുറയിലും പുത്തന്‍കുരിശിലും തെളിവെടുപ്പു നടത്തിയശേഷമാണ് മൂവാറ്റുപുഴ വാളകത്തുള്ള രണ്ടു കേന്ദ്രങ്ങളില്‍ എത്തിയത്.
