ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് സയൻസ് ലാബ് പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന് തൃക്കുന്നപ്പുഴ പൊലിസ് വ്യക്തമാക്കി.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. കുട്ടി കഴിഞ്ഞിരുന്ന വീട്ടിലെത്തി മഹസർ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും തൃക്കുന്നപ്പുഴ എസ്എച്ച്ഒ അറിയിച്ചു. പാത്തോളജി, എഫ്എസ്എൽ പരിശോധനാ ഫലങ്ങൾ ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത കൈവരൂ.
കുഞ്ഞിന് ജീവനില്ലെന്ന് അയൽവാസികൾ രാവിലെ ആറുമണിക്കുതന്നെ മുന്നറിയിപ്പ് നൽകിയിട്ടും ആശുപത്രിയിലെത്തിക്കാൻ മനഃപ്പൂർവം വൈകിച്ചോ എന്നും വഴിമധ്യേ ഷാപ്പിൽ നിർത്തി മദ്യപിച്ചെന്നുമുള്ള നാട്ടുകാരുടെ ആരോപണം ശരിയാണോ എന്നും പൊലിസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും വിശദമായ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
മാതാപിതാക്കളുടെ സംരക്ഷണയിൽ കുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്ന കണ്ടെത്തലിൽ, വീട്ടിലുണ്ടായിരുന്ന മൂന്നു മുതൽ പതിനൊന്ന് വയസുവരെ പ്രായമുള്ള നാല് പെൺകുട്ടികളെയും സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ ശിശുക്ഷേമസമിതി ആരംഭിച്ചു.
മുൻപ് ഇതേ കുടുംബത്തിൽ മറ്റൊരു കുഞ്ഞ് മരിച്ച സംഭവത്തിൽ അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെന്നും, പ്രാഥമിക പരിശോധനയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നതെന്നും പൊലിസ് വ്യക്തമാക്കുന്നു.
എന്നാൽ, നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് മുൻ സംഭവങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനുള്ള നടപടികൾ പൊലിസ് സ്വീകരിക്കും.
ബാലാവകാശ കമ്മിഷൻ കേസെടുത്തു; വിശദീകരണം തേടി
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ടി.സി. ജലജ മോളാണ് കേസെടുത്തത്.
കുട്ടികളുടെ സംരക്ഷണത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കമ്മിഷൻ പരിശോധിക്കും. സംഭവത്തിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസർ, കാർത്തികപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫിസർ, പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭിച്ചശേഷം കമ്മിഷൻ തുടർനടപടികൾ സ്വീകരിക്കും.
കരിപിടിച്ച ചുമരുകൾ, ഒഴിഞ്ഞ പാത്രങ്ങൾ; ഒരു ബിസ്കറ്റ്പാത്രം പോലുമില്ല
ഹരിപ്പാട്: കുഞ്ഞുങ്ങൾ വളരുന്ന വീടുകളിൽ സാധാരണ കാണാറുള്ള യാതൊരു സുരക്ഷിതത്വവും കാർത്തികപ്പള്ളിയിലെ ആ വീട്ടിൽ ഉണ്ടായിരുന്നില്ല. പട്ടിണിയും പോഷകാഹാരക്കുറവും മൂലം കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താമരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുൽ മരിച്ച വീട്ടിലെ അവസ്ഥയാണിത്.
അടച്ചുറപ്പുള്ള വാതിലുകളോ കതകുകളോ ഇല്ലാത്തതിനാൽ തെരുവ് നായകൾക്കും ഇഴജന്തുക്കൾക്കും എപ്പോൾ വേണമെങ്കിലും അകത്തേക്ക് ചാടിക്കയറാവുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് ഈ കൂരയുള്ളത്. ജനലുകൾക്ക് കമ്പികളുണ്ടെങ്കിലും കതകുകളില്ലാത്തതിനാൽ വെയിലും കാറ്റും മഴയും തടയാൻ പഴയ സാരികളും മുഷിഞ്ഞ തുണികളുമാണ് തൂക്കിയിട്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ തണുത്തുറഞ്ഞ നിലത്തു വിരിച്ചിരുന്ന പഴകിയ പായയിലാണ് പിഞ്ചുകുഞ്ഞുങ്ങൾ അന്തിയുറങ്ങിയിരുന്നത്.
കൊച്ചുകുഞ്ഞുങ്ങൾ കഴിയുന്ന വീടുകളിലെ അടുക്കളകളിൽ കാണുന്ന യാതൊരു കരുതലുകളും ഇവിടെ ഇല്ലായിരുന്നു. മേൽക്കൂരയും ഭിത്തികളും പുകപിടിച്ച് കരിനിറമായി മാറിയ അടുക്കളയിൽ ഭിത്തിയുടെ ഒരു ഭാഗം വലിയ വിടവോടെ പൊളിഞ്ഞ നിലയിലാണ്.
കോൺക്രീറ്റ് സ്ലാബിൽ കല്ലുകൾ കൂട്ടിവച്ചുണ്ടാക്കിയ വിറകടുപ്പിൽ ദിവസങ്ങളായി കൃത്യമായ പാചകം നടന്നിട്ടില്ല. കുട്ടികൾക്ക് വിശക്കുമ്പോൾ എടുത്തു നൽകാൻ ഒരു ബിസ്കറ്റ് പാത്രമോ, ചോറോ അവിടെ ഇല്ലായിരുന്നു. ആകെ ശേഷിച്ചിരുന്നത് ഒരു കുട്ടകത്തിൽ പുഴുങ്ങിവച്ച ഏതാനും ഇലയപ്പങ്ങൾ മാത്രമാണ്. സ്ലാബിന് താഴെ ചാരവും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് അതീവ വൃത്തിഹീനമായ നിലയിലാണ് അടുക്കള.
ഇതിനോടു ചേർന്നുള്ള മുറിയിലെ പഴയ കട്ടിലിൽ ഉണങ്ങിയ തെങ്ങോലകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. വാതിലില്ലാത്ത ബാത്ത്റൂമും പരിസരത്തെ മാലിന്യക്കൂമ്പാരവും കാരണം തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
സമീകൃതാഹാരമോ മതിയായ സംരക്ഷണമോ ഇല്ലാതെ, തെരുവുനായ്ക്കളുടെപോലും ഭീഷണി നിലനിന്നിരുന്ന ഈ അടച്ചുറപ്പില്ലാത്ത തറയിലാണ് ആ പിഞ്ചോമന എല്ലും തോലുമായി ഒടുവിൽ കണ്ണടച്ചത്.
കളിച്ചുനടക്കേണ്ട പ്രായത്തിൽ സഹോദരങ്ങൾക്ക് അമ്മയായി; ഒടുവിൽ കൈകളിൽ തണുത്തുറഞ്ഞത് അനുജന്റെ ശരീരം
ഹരിപ്പാട്: കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ താഴെയുള്ള പിഞ്ചു സഹോദരങ്ങൾക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നൽകേണ്ടി വന്ന പതിനൊന്നുകാരിയുടെ ജീവിതം നാടിന്റെ തീരാനോവാകുന്നു. പട്ടിണിയും പോഷകാഹാരക്കുറവുമൂലം കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താമരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുൽ മരിച്ച വീട്ടിലെ മൂത്ത കുട്ടിയുടെ അവസ്ഥയാണിത്.
സ്കൂളിൽ പോയി അക്ഷരങ്ങൾ പഠിക്കാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ ഉള്ള ഭാഗ്യമില്ലാതെ, അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ താഴെയുള്ള സഹോദരങ്ങളെ വിശപ്പറിയിക്കാതെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഈ പെൺകുട്ടി.
അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിലായ ദിവസങ്ങളിൽ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളുടെയും കുഞ്ഞുങ്ങളുടെ പരിപാലനത്തിന്റെയും ഭാരം ഈ ബാലികയുടെ ചുമലിലായിരുന്നു. അടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരിയെടുക്കുന്നതും താഴെയുള്ള കുരുന്നുകളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഈ കുട്ടിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ അടുപ്പുപുകയാത്ത ദിവസങ്ങളിൽ സുമനസുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി താഴെയുള്ള കുഞ്ഞുങ്ങൾക്കു വാരിക്കൊടുത്തതും ഈ കുരുന്നാണ്.
പുലർച്ചെ അനുജൻ അനക്കമില്ലാതെ കിടന്നപ്പോഴും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നത് ഈ പെൺകുട്ടിയാണ്. തണുത്തുവിറങ്ങലിച്ച കുഞ്ഞിന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ വിട്ടുപോയിരുന്നു. ഒടുവിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പിതാവിന്റെ അനാസ്ഥയ്ക്കുമുന്നിൽ, ജീവനറ്റ അനുജന്റെ ശരീരം നെഞ്ചോട് ചേർത്തുപിടിച്ച് ഓട്ടോയിലിരിക്കേണ്ടി വന്നതും ഇതേ പെൺകുട്ടിയാണ്. ഉത്തരവാദിത്വങ്ങളുടെയും അവഗണനയുടെയും നടുവിലേക്ക് വലിച്ചെറിയപ്പെട്ട ഈ കുട്ടിയെയും മറ്റ് മൂന്ന് സഹോദരിമാരെയും ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും: രമേശ് ചെന്നിത്തല
ഹരിപ്പാട്: കുഞ്ഞ് മരിക്കാനിടയായ കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണം സർക്കാർ പൂർണമായും ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രാജേഷിന്റെയും താരയുടെയും കുടുംബപശ്ചാത്തലം മനസിലാക്കി മുൻപും ഇവരുടെ സംരക്ഷണത്തിനായി ഇടപെട്ടിരുന്നതായി മന്ത്രി വ്യക്തമാക്കി. മാതാപിതാക്കളും അഞ്ചു കുട്ടികളും വീടോ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ കഴിയുന്നു എന്ന വിവരം തദേശ ജനപ്രതിനിധികൾ എംഎൽഎ ഓഫിസിൽ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് ആദ്യം ഇവരെ ഹരിപ്പാട് ഗാന്ധിഭവന്റെ സ്നേഹവീട്ടിലേക്ക് മാറ്റിയിരുന്നു.
എന്നാൽ വാടകവീട് ശരിയായെന്ന് പറഞ്ഞ് രക്ഷിതാക്കൾ കുട്ടികളെയും കൂട്ടി അവിടെനിന്ന് മടങ്ങുകയായിരുന്നു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ സംരക്ഷണത്തിൽ ഇത്തവണ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് തഹസിൽദാർക്ക് ഉൾപ്പടെ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നിർദേശപ്രകാരം കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ഭവനം സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികൾ സന്ദർശിച്ചു. തുടർന്ന് കുട്ടികളുടെ സുഗമമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനായി ആവശ്യമായ ഭവനനിർമാണം ഉൾപ്പടെയുള്ള നിയമപരമായ സഹായങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് സംഘം അറിയിച്ചു. സുകൃതം ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സെക്രട്ടറി എം.ബി. സജി, സാംസ്കാരിക സമന്വയ വേദി ജനറൽ കൺവീനർ കെ.വി. നമ്പൂതിരി, ബി. ബിജു, സുകൃതം എക്സിക്യൂട്ടീവ് അംഗം നസറുദ്ദീൻ, ചെറുതന കോ-ഓർഡിനേറ്റർ മോഹനൻ എന്നിവരുണ്ടായിരുന്നു.
