ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ആണ്ടിപ്പട്ടിക്കടുത്ത് തെക്കമ്പട്ടി സബ്ജയിലിൽ നിന്ന് 17 റിമാൻഡ് പ്രതികൾ വാർഡനെ ആക്രമിച്ച് തടവുചാടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയിൽചാട്ടം നടന്നത്. സെല്ലിലുള്ള ഒരു തടവുകാരന് പെട്ടെന്ന് അപസ്മാരം ബാധിച്ചുവെന്ന് നുണ പറഞ്ഞ് ജയിൽ വാർഡനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.
തടവുകാരനെ സഹായിക്കാനായി വാർഡൻ സെല്ലിന്റെ പൂട്ട് തുറന്ന് അകത്തുകയറിയ സമയം, തടവുകാർ സംഘം ചേർന്ന് ഇയാളെ മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പുറത്തു കടക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലുടനീളവും കേരള അതിർത്തി പങ്കിടുന്ന ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലും പൊലിസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നാല് പേർ പിടിയിൽ
തടവുചാടിയ 17 പേരിൽ നാല് പേരെ പൊലിസ് വീണ്ടും പിടികൂടി. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി സൗത്ത് സോൺ ഐജി വിജേയന്ദ്ര ബിദരിയുടെ നേതൃത്വത്തിൽ 17 പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകി. 1995-ൽ വെല്ലൂർ ഫോർട്ടിനുള്ളിലെ പ്രത്യേക ക്യാമ്പിൽ നിന്ന് 43 എൽടിടിഇ തീവ്രവാദികൾ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട സംഭവത്തിന് ശേഷം തമിഴ്നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ ജയിൽചാട്ടങ്ങളിൽ ഒന്നാണിത്
