1969ല്‍ പുറത്തുവന്ന കെ.എസ്. സേതുമാധവന്റെ നദി എന്ന ചിത്രത്തിലെ ഗാനമാണിത്. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഗാനം.ഗാനത്തിന്റെ പല്ലവിയില്‍ ആലുവാപ്പുഴ പിന്നെയും ഒഴുകി… എന്നാണ് വയലാര്‍ എഴുതിയിരിക്കുന്നത്.
ആലുവ പുഴ ഒഴുകി കൊണ്ടിരിക്കുക തന്നെയല്ലേ..? അപ്പോൾ “പിന്നെയും’ എന്ന പ്രയോഗത്തിന്റെ പ്രസക്തി എന്താണ്..? പുഴ എവിയെങ്കിലും തടയപ്പെട്ടാലല്ലെ പിന്നെയും എന്നു പറയുക… അതെ പുഴ തടയപ്പെടുന്നുണ്ട്. വൈകാരികമായ ബന്ധനത്തില്‍. അത് എന്താണെന്ന് തൊട്ടടുത്ത വരികളില്‍ തന്നെ വയലാര്‍ പറയുന്നുണ്ട്.
“ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി,
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി…’
ആരും കാണാതെ, അറിയാതെ ഓളവും തീരവും ആലിംഗനം ചെയ്യുകയാണ്.കാമുകനും കാമുകിയും തീവ്ര സ്നേഹത്തില്‍ പരസ്പരം പുണരുമ്പോള്‍ അവര്‍ ഒരു നിമിഷം നിശ്ചലരായി പോകും. പ്രണയത്തിന്റെ മാത്രം നിര്‍വൃതിയാണിത്!അതു കഴിഞ്ഞാണ് വീണ്ടും ഭൂമിയിലേക്കവർ മടങ്ങിവരിക. അതുകൊണ്ടാണ് ആലുവാപ്പുഴ പിന്നെയും ഒഴുകി…. എന്ന് വയലാര്‍ പാടുന്നത്.
വയലാര്‍ രാമവര്‍മ എന്ന ഗന്ധര്‍വ കവിയുടെ അനശ്വര ഗാനത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഈ മനോഹാരിത കണ്ടെത്തുന്നത് ഡോ. സജിത് ഏവുരേത്ത് ആണ്. ചലച്ചിത്ര ഗാന പ്രഭാഷണങ്ങളിലൂടെ വൻ ശ്രദ്ധ ആർജിക്കുന്ന ഡോ. സജിത് ഏവൂരേത്ത്.
ആലപ്പുഴ എസ്ഡി കോളജ് മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഡോ. സജിത്.വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി അടുത്ത കാലത്ത് തിരുവനന്തപുരത്ത് നടത്തിയ വയലാര്‍ രാമവര്‍മ പ്രഭാഷണ സദസിന്റെ ഭാഗമായാണ് ഡോ. സജിത്തിന്റെ പ്രഭാഷണം നടന്നത്.
വയലാറിന്റെ അന്‍പതാം ചരമവാര്ഷികാചരണത്തോടനുബന്ധിച്ചായിരുന്നു പ്രഭാഷണം.വയലാറിന്റെ ജീവിതം, കാവ്യ-ഗാനസപര്യ, ഗാനങ്ങളുടെ സവിശേഷതകള്‍, വാക്കുകളുടെ പ്രയോഗ വൈവിധ്യങ്ങള്‍ അങ്ങനെ വയലാര്‍ പൂര്‍ണതയില്‍ നിറഞ്ഞു പ്രഭാഷണം.പാടിയും സദസ്യരെ ഒപ്പം പാടിച്ചും വയലാറിന്റെ ഗാനങ്ങളുടെ ആഴങ്ങളിലേക്കു ആസ്വാദകരെ കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു പ്രഭാഷകന്‍.
ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങുന്നു വസുന്ധര…
“ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു തീരം കൂടി
എനിക്കിനി ഒരു ജന്മം കൂടി…’
1975 മേയ് 23നു റിലീസായ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ രചിച്ച ഈ ഗാനം (ജി. ദേവരാജന്റെ സംഗീതം) വയലാറിന്റെ അവസാന ഗാനമായാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍, വയലാര്‍ ഏറ്റവും ഒടുവില്‍ എഴുതിയത് “സന്ധ്യാവന്ദനം’ എന്ന സിനിമയിലെ “സന്ധ്യാ വന്ദനം വന്ദനം..’ എന്നു തുടങ്ങുന്ന ഗാനമാണ്. എല്‍.പി.ആര്. വര്‍മയുടേതാണ് സംഗീതം. 1979ല്‍, വയലാറിന്റെ മരണത്തിനു നാലു വര്‍ഷത്തിനു ശേഷമാണ് “സന്ധ്യാവന്ദനം’ എന്ന ചിത്രം പുറത്തിറങ്ങിയത് എന്നു മാത്രം.
ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം…എന്ന ഗാനത്തില്‍ ഭൂമിയെ കവി വിശേഷിപ്പിക്കുന്നത് വസുന്ധരേ.. എന്നാണ്.വസുന്ധരേ…എന്നു ഒരു പ്രാവശ്യമല്ല പലപ്രാവശ്യം നീട്ടി വിളിക്കുന്നുമുണ്ട്.
ധര, ധരിത്രി, ക്ഷോണി എന്നിങ്ങനെ വിവിധ പര്യായങ്ങളുണ്ട് ഭൂമിക്ക്. എന്നാല്‍, വയലാര്‍ എന്ത് കൊണ്ടാണ് വസുന്ധരേ,എന്നു ഭൂമിയെ വിളിച്ചത് എന്നറിയാമോ?ജലത്തെ, അതായത് വസുവിനെ ധരിക്കുന്നവളാണ് ഭൂമി. ജീവന് നിലനിര്‍ത്തുന്ന ഒരേ ഒരു ഗ്രഹമേ ഇതുവരെ പ്രപഞ്ചത്തിലൂള്ളൂ. അത് നമ്മള് ജീവിക്കുന്ന ഈ ഭൂമിയാണ്. അതുകൊണ്ടാണ് വസുന്ധരേ എന്ന് വയലാര്‍ ഭൂമിയെ വിശേഷിപ്പിക്കുന്നത്. ഇതുപോലുള്ള അര്‍ഥവത്തായ നിരവധി പ്രയോഗങ്ങള്‍ ഗാനങ്ങളില്‍ കൊണ്ടുവരാന്‍ വയലാര്‍ വിദഗ്ധമായി ശ്രമിച്ചിരുന്നു.
ത്രിവേണി സംഗമം
1970ൽ പുറത്തിറങ്ങിയ “ത്രിവേണി’ എന്ന സിനിമയിലെ “സംഗമം സംഗമം ത്രിവേണി സംഗമം’ എന്ന പ്രണയാര്‍ദ്ര ഗാനത്തിന്റെ സവിശേഷതകള്‍ കേള്‍ക്കാം…കാമുകനും പ്രണയിനിയും ഒന്നിക്കുന്ന നിമിഷങ്ങളെ കുറിച്ച് വര്ണിക്കുമ്പോള് വയലാര്‍ ഉപയോഗിക്കുന്നത് “ത്രിവേണി സംഗമം’ എന്നാണ്. കെ.എസ്. സേതുമാധവൻ സംവിധാനം നിർവഹിച്ച ചിത്രത്തില്‍ നായകന് ശിവരാമന്റെയും (പ്രേംനസീര്‍) നായിക തങ്കമ്മയുടെയും(ശാരദ) പ്രണയ സംഗമമാണ് ചിത്രീകരിക്കുന്നത്.
അതായത് രണ്ടുപേരുടെ സംഗമം. അപ്പോള്‍ എന്തിനാണ് വയലാര്‍ ത്രിവേണി സംഗമം എന്നു എഴുതിയത്?ഉത്തർപ്രദേശിലെ പ്രയാഗരാജിലെ പുരാണ പ്രസിദ്ധമായ ത്രിവേണി സംഗമത്തില്‍ ഗംഗയും യമുനയും പിന്നെ അന്തര്‍ധാരയായി ഒഴുകുന്ന സരസ്വതി നദിയുമാണ് ഒന്നിക്കുന്നത്.
(ഭൂമിക്കടിയിലൂടെ സരസ്വതി നദി അദൃശ്യമായി ഒഴുകുന്നു എന്ന് വിശ്വാസം)
ഗാനത്തിൽ വയലാർ പറയുന്ന ത്രിവേണി സംഗമത്തില്‍ കാമുകനും പ്രണയിനിയ്ക്കും ഒപ്പം ചേരുന്നത് ആരാണ് എന്നല്ലേ. ഗാനത്തിന്റെ അനുപല്ലവിയില്‍ വയലാര്‍ തന്നെ ഈ അന്തര്‍ധാര ഏതാണെന്നു പറയുന്നുണ്ട്.”നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ’
സത്യം,നീയും ഞാനും നമ്മുടെ പ്രേമവും കൂടി ചേരുമ്പോഴാണ് ത്രിവേണി സംഗമം ഉണ്ടാകുന്നത്. ഇവിടെ പ്രേമമാണ് മൂന്നാമതായി ഇഴ ചേരുന്നത്!
ഗാനത്തിന്റെ അനുപല്ലവി ഇങ്ങനെ ഒഴുകുന്നു.
“ഇവിടെയൊരോ ജീവതരംഗവും
ഇണയെ തേടും രാവില്‍
നാണത്തില്‍ മുങ്ങിയകായലിന് കവിളില്‍
നഖചിത്രമെഴുതും നിലാവില്
നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ…’
അതേ, വയലാര്‍ ഗാനങ്ങളുടെ ഒരു മായിക ലോകത്തിലൂടെയുള്ള സ്വപ്ന സഞ്ചാരമായി മാറി ഡോ. സജിത് ഏവൂരേത്തിന്റെ പ്രഭാഷണം.
